ന്യൂഡൽഹി
പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ നാമമാത്രകുറവുമാത്രമാണ് കേന്ദ്രം വരുത്തിയതെന്നും ഇതുവഴി ജനങ്ങൾക്ക് ആശ്വാസം ലഭിക്കില്ലെന്നും സിപിഐ എം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര തീരുവ യഥാക്രമം 33, 32 രൂപവീതം എത്തിയിരിക്കെയാണ് 10 രൂപയും അഞ്ചു രൂപയും കുറച്ചത്. അതിരുവിട്ട ഇന്ധനവില സമ്പദ്ഘടനയിലും ജനങ്ങളിലും സൃഷ്ടിച്ച ആഘാതം കുറയ്ക്കാൻ ഇത് പര്യാപ്തമല്ല. ചില സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കേറ്റ തിരിച്ചടിയെത്തുടർന്നുണ്ടായ നൈമിഷിക പ്രതികരണം മാത്രമാണ് ഇത്.
ഇന്ധനവില ന്യായമായ നിലവാരത്തിലേക്ക് എത്തണമെങ്കിൽ എക്സൈസ് തീരുവയിൽ മതിയായ കുറവ് വരുത്തുകയും അധിക തീരുവകൾ പൂർണമായും പിൻവലിക്കുകയും ചെയ്യണം. പെട്രോളിന്റെയും ഡീസലിന്റെയും വിലക്കയറ്റത്തിനെതിരായി ഇക്കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗം ആഹ്വാനംചെയ്ത പ്രതിഷേധ പരിപാടി തുടരാൻ പാർടിയുടെ എല്ലാ ഘടകങ്ങളോടും പിബി ആഹ്വാനം ചെയ്തു.