ന്യൂഡൽഹി
പ്രക്ഷോഭത്തിനിടെ ജീവൻ നഷ്ടപ്പെട്ട നൂറുകണക്കിന് പോരാളികൾക്ക് ദീപാവലി ദിനത്തിൽ ആദരാഞ്ജലി അർപ്പിച്ച് കർഷകർ. സംയുക്തകിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ ചടങ്ങ് സംഘടിപ്പിച്ചു. ഇതുവരെ ജീവൻ നഷ്ടപ്പെട്ട 653കർഷകരുടെ ത്യാഗത്തിൽനിന്ന് ഊർജം ഉൾക്കൊണ്ട് പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്ന് കർഷകർ പ്രതിജ്ഞയെടുത്തു. കർഷകരുടെ മുഴുവൻ ആവശ്യവും മോദിസർക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കുംവരെ പ്രക്ഷോഭം തുടരും.ലഖിംപുർ -ഖേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഹിന്ദു, സിഖ് ധ്രുവീകരണത്തിനുള്ള ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയത്തെ കിസാൻമോർച്ച അപലപിച്ചു.
കേന്ദ്രമന്ത്രി അജയ് മിശ്രയെ പുറത്താക്കാൻ മോദിസർക്കാർ തയ്യാറായിട്ടില്ല. സംഭവത്തില്‍ രണ്ട് കർഷകരെ കഴിഞ്ഞദിവസം യുപി പൊലീസ് അറസ്റ്റ് ചെയ്തു. നിരപരാധികളായ കർഷകരെ വേട്ടയാടുന്നത് നോക്കി ഇരിക്കില്ലെന്നും കിസാൻമോർച്ച മുന്നറിയിപ്പ് നൽകി.