കൊച്ചി
തലശേരി ഫസൽ വധക്കേസിൽ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് സിബിഐ പ്രത്യേകസംഘം നടത്തിയ തുടരന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു. ചൊവ്വാഴ്ചയാണ് റിപ്പോർട്ട് നൽകിയത്. സിബിഐയുടെ മുഖം രക്ഷിച്ച് ആദ്യകുറ്റപത്രത്തിൽ പറഞ്ഞ കാര്യങ്ങൾ ആവർത്തിയ്ക്കുന്ന റിപ്പോർട്ടാണ് നൽകിയത്.
ഫസലിനെ കൊന്നത് കൊടിസുനിയും സംഘവുമാണെന്നായിരുന്നു സിബിഐ 2012ൽ നൽകിയ കുറ്റപത്രത്തിലുള്ളത്. കാരായി രാജനും കാരായി ചന്ദ്രശേഖരനും ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. തുടരന്വേഷണ റിപ്പോർട്ട് സിബിഐ കോടതി പരിഗണിക്കുകയോ കക്ഷികൾക്ക് പകർപ്പ് നൽകുകയോ ചെയ്തിട്ടില്ല. ഹൈക്കോടതി നൽകിയ ഇളവിനെ തുടർന്ന് കാരായി രാജനും ചന്ദ്രശേഖരനും നാട്ടിലെത്തുന്ന സമയത്തുതന്നെ റിപ്പോർട്ടിലെ ഉള്ളടക്കം ചില മാധ്യമങ്ങളിലൂടെ പുറത്തുവന്നതും സംശയമുണർത്തുന്നു.
പത്രവിതരണക്കാരനായ മുഹമ്മദ് ഫസൽ 2006 ഒക്ടോബർ ഇരുപത്തിരണ്ടിനാണ് കൊല്ലപ്പെട്ടത്. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ്, ഫസലിന്റെ ഭാര്യ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്ന് സിബിഐക്ക് വിട്ടു. എന്നാൽ മറ്റൊരു കൊലപാതക കേസിൽ ചോദ്യംചെയ്യിലിനിടെ ഫസലിനെ കൊന്നത് താനുൾപ്പെട്ട ആർഎസ്എസ് സംഘമാണെന്ന് കുപ്പി സുബീഷ് വെളിപ്പെടുത്തി. കൂടെ ഉണ്ടായിരുന്ന സിനോജും ഇക്കാര്യം സമ്മതിച്ചു. ഇതോടെ യഥാർഥ കൊലപാതകികളെയല്ല പ്രതികളാക്കിയതെന്നുകാട്ടി തുടരന്വേഷണം ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരൻ അബ്ദുൾ സത്താർ ഹൈക്കോടതിയെ സമീപിച്ചു. സുബീഷിന്റെ വെളിപ്പെടുത്തൽ വിശ്വസനീയമല്ലെന്ന സിബിഐയുടെ വാദം തള്ളി ജൂലൈ ഏഴിന് ഹൈക്കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു.