ന്യൂഡൽഹി
തെരഞ്ഞെടുപ്പിനു മൂന്ന് മാസംമാത്രം ശേഷിക്കെ ഉത്തർപ്രദേശിൽ വീണ്ടും തീവ്രവർഗീയ പ്രചാരണവുമായി ബിജെപി. കഴിഞ്ഞ സർക്കാർ കബറിസ്ഥാനുകൾക്കുവേണ്ടിയാണ് പണം ചെലവഴിച്ചതെങ്കിൽ തന്റെ സർക്കാർ ക്ഷേത്ര നിർമാണത്തിനാണ് ഫണ്ട് നൽകുന്നതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അയോധ്യയിലെ ‘ദീപോത്സവ്’ പരിപാടിയിലാണ് പരാമര്‍ശം.
അഞ്ച് വർഷത്തിനുള്ളിൽ യുപിയില്‍ വലിയമാറ്റം വന്നുവെന്നും അഞ്ഞൂറിൽപ്പരം ക്ഷേത്രങ്ങളുടെയും തീർഥാടന കേന്ദ്രങ്ങളുടെയും നിർമാണം സർക്കാർ ഏറ്റെടുത്തെന്നും ആദിത്യനാഥ് അയോധ്യയിൽ പറഞ്ഞു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് അന്നത്തെ സമാജ്വാദി പാർടി സർക്കാരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ‘കബറിസ്ഥാൻ’ പ്രയോഗം ആദ്യം നടത്തിയത്. സമാജ്വാദി പാർടി മുസ്ലിംപ്രീണനം നടത്തുന്നുവെന്ന് ആരോപിക്കാനായിരുന്നു ഇത്. ഒരു ഗ്രാമത്തിൽ കബറിസ്ഥാൻ സ്ഥാപിച്ചാൽ അവിടെ ശ്മശാനവും വേണമെന്ന് അന്ന് മോദി പറഞ്ഞു.
വിലക്കയറ്റം, ക്രമസമാധാന തകർച്ച, കോവിഡ് കൈകാര്യം ചെയ്തതിലെ പരാജയം, അഴിമതി, കെടുകാര്യസ്ഥത എന്നിവ കാരണം ജനങ്ങളിൽനിന്ന് ഒറ്റപ്പെട്ടിരിക്കയാണ് ആദിത്യനാഥ് സർക്കാർ. ബിജെപി നേതാക്കൾ പോലും സര്‍ക്കാരിനെ പരസ്യമായി കുറ്റപ്പെടുത്തുന്നു.