തിരുവനന്തപുരം
എ, ഐ ഗ്രൂപ്പുകളെ വെല്ലുവിളിച്ച് പുനഃസംഘടനയുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ മുന്നോട്ട്. സുധാകരന്റെ ഏകാധിപത്യ ശൈലിക്കെതിരെ പരസ്യപ്രതികരണത്തിന് എ, ഐ ഗ്രൂപ്പുകൾ തയ്യാറെടുക്കുന്നു. പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കമാൻഡിന് പരാതി നൽകും.
കെപിസിസി നിർവാഹക സമിതിയോഗത്തിൽ തന്നെ വിമർശിച്ചവരെ വാർത്താസമ്മേളനത്തിൽ കെ സുധാകരൻ കുറ്റപ്പെടുത്തി. വിമർശകർക്ക് ജനപിന്തുണയില്ലെന്ന സുധാകരന്റെ ആരോപണത്തിൽ മുതിർന്ന നേതാക്കളടക്കം അമർഷത്തിലാണ്. പുനഃസംഘടനയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകിയെന്നാണ് വാർത്താസമ്മേളനത്തിൽ സുധാകരൻ അറിയിച്ചത്. എന്നാൽ, ഹൈക്കമാൻഡ് അന്തിമ തീരുമാനം എടുക്കുമെന്ന് കെപിസിസി യോഗത്തിൽ പറഞ്ഞ സുധാകരൻ പിന്നീട് മറിച്ചുപറഞ്ഞത് തങ്ങൾക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയായി ഗ്രൂപ്പുകൾ കാണുന്നു.
ഒരു കാരണവശാലും പുനഃസംഘടന അനുവദിക്കില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകൾ. പുനഃസംഘടന നിർത്തണമെന്ന ഗ്രൂപ്പുകളുടെ നിർദേശത്തെയും യൂണിറ്റ് കമ്മിറ്റികൾ സുധാകരൻ അനുകൂലികൾ കൈയടക്കുന്നുവെന്ന ആരോപണത്തിനും സുധാകരൻ വാർത്താസമ്മേളനത്തിൽ രൂക്ഷ പ്രതികരണമാണ് നടത്തിയത്. കെ സി വേണുഗോപാലിന്റെ പിന്തുണയാണ് ഈ കൈയൂക്കിന് കാരണമെന്നാണ് ഗ്രൂപ്പുകളുടെ പരാതി. ഇതിന് ചെവികൊടുക്കേണ്ടെന്നാണ് സുധാകരന് ഹൈക്കമാൻഡിൽനിന്ന് കൈമാറിയ സന്ദേശം.
കെപിസിസി നിർവാഹക സമിതിയോഗത്തിലും കെ സുധാകരന്റേത് ഏകാധിപത്യ പ്രവണതയായിരുന്നു. ചർച്ച പൂർത്തിയാക്കിയശേഷം മുതിർന്ന നേതാക്കളെ മറുപടി നൽകാൻ അനുവദിച്ചില്ല. ചർച്ച ഉപസംഹരിക്കുമ്പോൾ മുതിർന്ന നേതാക്കളെ പ്രസംഗിക്കാൻ വിളിക്കുന്നതാണ് പതിവ്. മുമ്പ് നിർവാഹകസമിതി ചേർന്നപ്പോഴെല്ലാം അവസാനം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചിട്ടുണ്ട്. ഇത്തവണ ഉമ്മൻചാണ്ടിക്ക് കാഴ്ചക്കാരനായി ഇരിക്കേണ്ടിവന്നപ്പോൾ പേര് വിളിക്കാത്തതിനാൽ തനിക്ക് പറയാനുണ്ടെന്ന് പറഞ്ഞാണ് രമേശ് ചെന്നിത്തല സംസാരിച്ചത്. ഇങ്ങനെ അവഗണന സഹിച്ച് എത്ര നാൾ മുന്നോട്ടുപോകുമെന്നാണ് ഗ്രൂപ്പ് നേതൃത്വത്തിലെ വികാരം.
പുനഃസംഘടന നടത്തുമെന്ന് സുധാകരൻ
പുനഃസംഘടന എഐസിസി പ്രഖ്യാപിച്ചതായതിനാൽ അവർ ആവശ്യപ്പെടാതെ മാറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. എഐസിസി അങ്ങനെ ആവശ്യപ്പെടുമെന്ന് കരുതുന്നില്ല. മത്സരിച്ചാലേ നേതൃത്വത്തിൽ എത്താനാകൂവെങ്കിൽ താൻ മത്സരിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പുനഃസംഘടനയുമായി മുന്നോട്ട് പോകാനാണ് ഹൈക്കമാൻഡ് നിർദേശം. ആറു പേരാണ് പുനഃസംഘടന വേണ്ടെന്ന് നിർവാഹകസമിതി യോഗത്തിൽ ആവശ്യപ്പെട്ടത്. യൂണിറ്റ് കമ്മിറ്റിയെപ്പറ്റി ബാലപാഠംപോലും അറിയാത്തവരാണ് ഇതിനെ വിമർശിക്കുന്നത്. ഇക്കാര്യത്തിൽ ഗ്രൂപ്പ് മാനേജർമാർക്ക് ആശങ്കയുണ്ടോയെന്ന് അന്വേഷിക്കേണ്ട കാര്യം എനിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
‘സെമി കേഡർ’ അറിയില്ലെന്ന് വീണ്ടും ഹസ്സൻ
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ “സെമി കേഡറി’നെക്കുറിച്ച് ഒന്നുമറിയില്ലെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ. അക്കാര്യം വരട്ടെ, അപ്പോൾ ചോദിച്ച് മനസ്സിലാക്കാമെന്നും അദ്ദേഹം പറഞ്ഞു. മുമ്പും ഹസ്സൻ ഇതേ അഭിപ്രായം പറഞ്ഞിരുന്നു.എറണാകുളത്തെ വഴിതടയൽ സമരത്തെയും അദ്ദേഹം തള്ളി. ഇത്തരം സമരം കോൺഗ്രസ് രീതിയല്ല. സംസ്ഥാന സർക്കാർ ഇന്ധന നികുതി കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സമരം നടത്തുമെന്നും ഹസ്സൻ പറഞ്ഞു.