തിരുവനന്തപുരം: ദത്തുകേസിലെ പരാതിക്കാരായ അനുപമയ്ക്കും പങ്കാളിക്കുമെതിരായ വിവാദ പ്രസംഗം നടത്തിയമന്ത്രി സജി ചെറിയാനെതിരെ കേസെടുക്കേണ്ട എന്ന് പോലീസിന് നിയമോപദേശം. പ്രസംഗത്തിൽ ആരുടേയും പേര് പരാമർശിക്കാത്തതിനാൽ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായി കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ സി എസ് ഹരി പറഞ്ഞു. പബ്ലിക്ക് പ്രോസിക്യൂട്ടറോടാണ് പോലിസ് നിയമോപദേശം തേടിയത്.
ദത്ത് വിവാദവുമായി ബന്ധപ്പെട്ട് അനുപമയെയും അജിത്തിനെയും ആക്ഷേപിച്ചായിരുന്നു മന്ത്രിയുടെ പ്രസംഗം. ഇതിനെതിരെ അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയിരുന്നു. കാര്യവട്ടം ക്യാമ്പസിൽ നടത്തിയ പ്രസംഗമായതിനാൽ പരാതി പേരൂർക്കട പോലിസ് ശ്രീകാര്യം പോലീസിന് കൈമാറി. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പരിശോധിച്ചതിന് ശേഷമാണ് പബ്ലിക്ക് പ്രോസിക്യൂട്ടർ സംഭവത്തിൽ മന്ത്രിക്കെതിരെ കേസെടുക്കണ്ടതില്ല എന്ന് പോലീസിന് നിയമോപദേശം നൽകിയത്.
മന്ത്രിയുടെ പ്രസംഗത്തിൽ ആരുടെയും പേര് പരാമർശിക്കാത്തതിനാലാണ് കേസെടുക്കേണ്ടതില്ല എന്ന നിഗമനത്തിൽ എത്തിയത്. എന്നാൽ അനുപമയ്ക്ക് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടാമെന്നും നിയമോപദേശത്തിൽ പറയുന്നു.