തിരുവനന്തപുരം
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പെട്രോൾ നികുതി കൂട്ടിയത് 13 തവണ. അസംസ്കൃത എണ്ണയുടെ വിലയിടിവിൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞപ്പോഴെല്ലാം സംസ്ഥാനം വിൽപ്പന നികുതി ഉയർത്തി.
2014 ആഗസ്തിൽ പെട്രോളിന്റെ സംസ്ഥാന നികുതി 26.21 ശതമാനം. അസംസ്കൃത എണ്ണയുടെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭിക്കാൻ സംസ്ഥാനം നികുതി മാറ്റമില്ലാതെ നിലനിർത്തിയാൽ മതിയായിരുന്നു. എന്നാൽ, സെപ്തംബറിൽ നികുതി ശതമാനം 26.92, ഒക്ടോബറിൽ 27.42, നവംബറിൽ 28.72, 2015 ജനുവരിയിൽ 29.92 എന്നിങ്ങനെ വർധിപ്പിച്ചു. 2015 ഫെബ്രുവരിയിൽ – 30.18 ശതമാനമാക്കി.
2016 മുതൽ കേരളം ഇന്ധന നികുതി വർധിപ്പിച്ചില്ല. കഴിഞ്ഞ എൽഡിഎഫ് സർക്കാർ 2018 ജൂണിൽ പെട്രോൾ നികുതി 30.08 ശതമാനമായും ഡീസൽ നികുതി 22.76 ശതമാനമായും കുറച്ചു. അന്നത്തെ നിരക്കിൽ 509 കോടി രൂപയുടെ ആനുകൂല്യമുണ്ടായി. വിലക്കയറ്റവും നോക്കിയാൽ 1500 കോടി കവിയുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി.
യുപി, ഗോവ, ഹരിയാന, ഛത്തീസ്ഗഢ്, കർണാടകം ഉൾപ്പെടെ സംസ്ഥാനങ്ങൾ കോവിഡിൽ ഇന്ധന നികുതി വർധിപ്പിച്ചു. വലിയ സാമ്പത്തിക ബാധ്യതയായിട്ടും കേരളം വർധിപ്പിച്ചില്ല. ഏഴു വർഷത്തിനുള്ളിൽ കേന്ദ്രം അധികനികുതി 31 രൂപ വർധിപ്പിച്ചു. ഇപ്പോൾ കുറച്ചത് നാമമാത്രമാണ്. ലിറ്റർ പെട്രോളിന് 27.9 രൂപയും ഡീസലിന് 21.8 രൂപയും കേന്ദ്രം പിരിക്കുന്നു. കേരളത്തിന് ലഭിക്കുന്നത് യഥാക്രമം 22.9, 21.8 രൂപയും.
കൂട്ടിയത് കുറച്ച് സംസ്ഥാനങ്ങൾ
കോവിഡിന്റെ പേരിൽ ഇന്ധന വിൽപ്പന നികുതി വർധിപ്പിച്ച സംസ്ഥാനങ്ങളാണ് കേന്ദ്രം നികുതി കുറച്ചപ്പോൾ നികുതിയിളവ് നൽകിയത്. കോവിഡ് കാലത്ത് അസം പെട്രോളിൽ അഞ്ചും ഡീസലിന് ഏഴു ശതമാനവും നികുതി കൂട്ടി. ഗോവ പത്തും ഏഴും ശതമാനം. കർണാടക അഞ്ചു വീതം. മണിപ്പുർ ഒന്നും 12ഉം ശതമാനം. ത്രിപുര എട്ടും ആറും ശതമാനവും നികുതി വർധിപ്പിച്ചിരുന്നു.
പ്രതിപക്ഷ നിലപാട് ഇരട്ടത്താപ്പ്
രാജ്യത്ത് ഓയിൽ പൂൾ അക്കൗണ്ട് ഇല്ലാതാക്കിയത് യുപിഎ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിങ്ങാണ്. ബിജെപി സർക്കാർ അനിയന്ത്രിതമായാണ് പ്രത്യേക എക്സൈസ് തീരുവ കൂട്ടുന്നത്. സംസ്ഥാനത്തിനു ലഭിക്കുന്ന വരുമാനം ഉപേക്ഷിക്കണമെന്നാണ് കേരളത്തിലെ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ബിജെപി നേതാക്കളുടെ വക്കാലത്ത് എടുക്കുകയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് പ്രവർത്തക സമിതിയുടെ പ്രമേയം സംസ്ഥാനത്തെ കോൺഗ്രസുകാർ തള്ളുകയാണെന്നും ധനമന്ത്രി പറഞ്ഞു.