ന്യൂഡൽഹി
പ്രക്ഷോഭരംഗത്തെ കർഷകരെ ‘ഗ്രാമങ്ങളിലെ തൊഴിലില്ലാത്ത മദ്യപര്‍’ എന്ന് അവഹേളിച്ച ബിജെപി എംപിക്കുനേരെ ഹരിയാനയിൽ ശക്തമായ പ്രതിഷേധം. ബിജെപി രാജ്യസഭ എംപി രാം ചന്ദർ ജംഗ്രയെ ഹിസാറിലെ നാർനൗദ് ടൗണിൽ കർഷകർ തടഞ്ഞു.
കമ്യൂണിറ്റിഹാൾ ഉദ്ഘാടനം ചെയ്യാനെത്തിയ എംപിയുടെ വാഹനം തടഞ്ഞ് നൂറുകണക്കിന് കർഷകർ കരിങ്കൊടി കാട്ടി. പിന്നാലെ കർഷകർക്കുനേരെ പൊലീസും എംപിയുടെ ഗുണ്ടകളും അക്രമം അഴിച്ചുവിട്ടു. ലാത്തിച്ചാർജിൽ ഒരു കർഷകന് ഗുരുതരപരിക്ക്. ഹിസാറിലെ സത്രോദ്ഖുർദ് ഗ്രാമത്തിലെ കർഷകനായ കുൽദീപ് സാഥ്റോഡ് ഖറിനാണ് പരിക്കേറ്റത്. പ്രതിഷേധക്കാരെ തടയാൻ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. എന്നാൽ, സംഘടിച്ചെത്തിയ കർഷകരെ തടയാൻ പൊലീസിന് സാധിച്ചില്ല. രാം ചന്ദർ ജംഗ്രയുടെ അനുകൂലികള്‍ കർഷകരെ കൈയേറ്റം ചെയ്തതോടെ സംഘർഷമുണ്ടായി. പ്രതിഷേധക്കാർ കാർ തകർത്തെന്ന് എംപി ആരോപിച്ചു. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം ദീപാവലി പരിപാടിക്കായി റോത്തക്കിൽ എത്തിയ എംപിക്കുനേരെ കർഷകർ പ്രതിഷേധിച്ചിരുന്നു.
പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് നാർനൗദ് പൊലീസ് സ്റ്റേഷനുമുന്നിൽ കർഷകർ ധർണ സംഘടിപ്പിച്ചു. അഖിലേന്ത്യാകിസാൻ സഭ നേതാക്കളായ പി കൃഷ്ണപ്രസാദ്, ഇന്ദ്രജിത്ത് സിങ്ങ്, സുമിത്സിങ്ങ്, ഷംസീർനമ്പ്രദാർ, സത്വീർ, രാജേഷ്കുൻകദ് തുടങ്ങിയവർ സംസാരിച്ചു.
ബിജെപി നേതാവിനെ ‘തടവിലാക്കി‘ കർഷകർ
റോത്തക്
കേദാർനാഥ് ക്ഷേത്രത്തിൽനിന്നുള്ള പ്രധാനമന്ത്രിയുടെ ലൈവ് പരിപാടി കാണാനെത്തിയ ബിജെപി നേതാക്കളെ എട്ടു മണിക്കൂർ കർഷകർ തടഞ്ഞുവച്ചു. റോത്തക്കിലെ കിലോയി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എത്തിയ മുൻ മന്ത്രിയായ ബിജെപി നേതാവ് മനീഷ് ഗ്രോവറും സംഘവുമാണ് ‘തടവിലായത്’. കർഷകർക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മനീഷ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് കർഷകർ ക്ഷേത്രം വളഞ്ഞു.
ക്യാമറയ്ക്കു മുന്നിൽ കർഷകരോട് തൊഴുകൈയോടെ മാപ്പുപറഞ്ഞശേഷമാണ് മനീഷിനും സംഘത്തിനും പോകാനായത്. ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി രവീന്ദ്രരാജു, ജില്ലാ പ്രസിഡന്റ് അജയ് ബൻസാൽ, മേയർ മൻമോഹൻ ഗോയൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.