തൃപ്പൂണിത്തുറ/ കണ്ണൂർ
സമാനതകളില്ലാത്ത നീതിനിഷേധത്തിന് ഇരയാക്കപ്പെട്ടവർ പിറന്ന മണ്ണിൽ, പ്രിയരുടെ സ്നേഹത്തണലിലേക്കെത്തി. എട്ടരവർഷത്തെ നാടുകടത്തലിനുശേഷം കണ്ണൂർ ജില്ലയിലെ സ്വീകരണവേദിയിലെത്തിയപ്പോൾ വിങ്ങിപ്പൊട്ടുകയായിരുന്നു കാരായി രാജനും ചന്ദ്രശേഖരനും. എറണാകുളം ഇരുമ്പനത്തെ മുതിർന്ന സിപിഐ എം നേതാവ് കെ ടി തങ്കപ്പന്റെ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
‘‘തങ്കപ്പന്റെ കൊച്ചുമകൾ ചിന്നുവിന്റെ ഒന്നാം പിറന്നാളിനാണ് അവിടെയെത്തിയത്. ഇപ്പോൾ ഒമ്പതരവയസായി. രണ്ടാമത്തെയാൾ മാളുവിന് ഏഴ് വയസുണ്ട്. തങ്കപ്പൻ ചേട്ടന്റെ കുടുംബാംഗങ്ങൾക്കൊപ്പം അവരുടെ കുടുംബമായി തന്നെയായിരുന്നു ജീവിത’’മെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. ഇരുമ്പനത്തെ ജനങ്ങളാകെ കരുതലായി നിന്നുവെന്ന് ഇരുവരും പറഞ്ഞു.
എ എൻ ഷംസീർ എംഎൽഎക്കും സിപിഐ എം തലശേരി ഏരിയ സെക്രട്ടറി എം സി പവിത്രനുമൊപ്പമായിരുന്നു ഇരുവരും ഇരുമ്പനത്തോട് വിടപറഞ്ഞത്. കെ ടി തങ്കപ്പനും ഇരുമ്പനം ലോക്കൽ കമ്മിറ്റിക്കും തലശേരി ഏരിയ കമ്മിറ്റിക്കുവേണ്ടി ഉപഹാരം നൽകി. സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജും തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി ടി സി ഷിബുവും സന്നിഹിതരായി. ഏരിയ കമ്മിറ്റി നൽകിയ യാത്രയയപ്പിൽ ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉപഹാരം നൽകി. ജാമ്യവ്യവസ്ഥകളിൽ ഹൈക്കോടതി ഇളവു നൽകിയതിനെ തുടർന്നാണ് നാട്ടിലേക്ക് തിരിച്ചത്.
‘ഫസലിനെ കൊന്നവർ പുറത്ത് കഴിയുമ്പോഴാണ് ഇവരെ പ്രതിചേർത്തത്. ഇരുവർക്കും തിരിച്ചുവരാനായതിൽ സന്തോഷമുണ്ട്. ’–- ഫസലിന്റെ മൂത്ത സഹോദരൻ പി കെ അബ്ദുൾ റഹ്മാൻ പറഞ്ഞു.