കൊച്ചി> സീറോ മലബാര്‍ സഭ വിറ്റ ഭൂമി സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി തന്നെയാണന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട്. വാഴക്കാല വില്ലേജില്‍ ഉള്‍പ്പെട്ട ഭൂമിയില്‍ സര്‍ക്കാര്‍ ഭൂമിയോ പുറമ്പോക്കാ ഇല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഭൂമി ഇടപാട് കേസില്‍ അന്വേഷണം നടത്തി റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലാന്റ് റിഫോംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ബീന പി ആനന്ദ് റിപ്പോര്‍ട് സമര്‍പ്പിച്ചത്.
അടിസ്ഥാന ഭൂനികുതി രജിസ്റ്റര്‍, ഫീല്‍ഡ് രജിസ്റ്റര്‍, റീസര്‍വ്വേ ബേകള്‍,ഉടമസ്ഥാവകാശരേഖകള്‍, ധന നിശ്ചയാധാരം എന്നിവ പരിശോധിച്ചെന്നും തെളിവെടുപ്പ് നടത്തിയെന്നും ഭൂമി സഭക്ക് കൈമാറി കിട്ടിയിട്ടുള്ളതാണന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. റോസ് മേരി എന്നയാളുടെ ഉടമസ്ഥതയുള്ള ഭൂമി സിസ്റ്റേഴ്സ് ഓഫ് ഡെസ്റ്റിറ്റിയൂട്ട്സിന് സിദ്ധിച്ചിട്ടുള്ളതാണന്നും ഉടമസ്ഥാവകാശവും ധനനിശ്ചയാധാരാവുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സഭ വിറ്റത് സര്‍ക്കാര്‍ ഭൂമിയാണോ അതോ പുറമ്പോക്ക് ഭൂമിയാണോ എന്നും വില്‍പ്പനയില്‍ ഉദ്യോസ്ഥര്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം.
ഭൂമി വില്‍പ്പനയില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ഏതാനും രൂപതാ അംഗങ്ങള്‍ കാക്കനാട് അടക്കം മജിസ്ട്രേറ്റ് കോടതികളില്‍ സമര്‍പ്പിച്ച കേസുകള്‍ റദ്ദാക്കണമെന്ന ആലഞ്ചേരിയുടെ ഹര്‍ജി തള്ളിയാണ് ഹൈക്കോടതി അന്വേഷണത്തിന് നിര്‍ദേശിച്ചത്.