ദുബായ്
സ്കോട്ലൻഡിനെ എറിഞ്ഞൊതുക്കി ഇന്ത്യ ട്വന്റി 20 ലോകകപ്പിൽ നേരിയ പ്രതീക്ഷ കാത്തു. സ്കോട്ലൻഡിനെ 85 റണ്ണിന് പുറത്താക്കിയ ഇന്ത്യ 6.3 ഓവറിൽ 89 റണ്ണടിച്ച് ജയം കുറിച്ചു. എട്ട് വിക്കറ്റിനാണ് ജയിച്ചത്. ഇതോടെ ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്ക് മികച്ച റൺനിരക്കായി.
ലോകേഷ് രാഹുലും (19 പന്തിൽ 50) രോഹിത് ശർമയും (16 പന്തിൽ 30) ചേർന്നാണ് ഇന്ത്യക്ക് മിന്നുന്ന ജയമൊരുക്കിയത്. 18 പന്തിലാണ് രാഹുൽ അരസെഞ്ചുറി കുറിച്ചത്. മൂന്ന് സിക്സറും നാല് ഫോറുമായിരുന്നു ഇന്നിങ്സിൽ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്കോട്ൻഡ് 17.4 ഓവർ മാത്രമേ പിടിച്ചുനിന്നുള്ളൂ. മൂന്നുവീതം വിക്കറ്റുമായി പേസർ മുഹമ്മദ് ഷമിയും സ്പിന്നർ രവീന്ദ്ര ജഡേജയും തിളങ്ങി. ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റെടുത്തു. ഒരെണ്ണം ആർ അശ്വിനും. ജഡേജയാണ് മാൻ ഓഫ-് ദി മാച്ച്.
ടൂർണമെന്റിൽ ആദ്യമായി നാണയഭാഗ്യം കനിഞ്ഞ ക്യാപ്റ്റൻ വിരാട് കോഹ്ലി എതിരാളികളെ ബാറ്റിങ്ങിന് വിട്ടു. ശർദുൾ താക്കൂറിന് പകരം സ്പിന്നർ വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്.
ബുമ്രയുടെ മാരകപന്തുകൾക്കുമുന്നിൽ സ്കോട്ലൻഡ് തുടക്കത്തിലേ പതറി. മൂന്നാം ഓവറിൽ ക്യാപ്റ്റൻ കോട്സെറിന്റെ സ്റ്റമ്പ് പിഴുതു ബുമ്ര. മറുവശത്ത് മുൺസെ (19 പന്തിൽ 24) നല്ലരീതിയിൽ ബാറ്റ് വീശി. എന്നാൽ ഷമിയുടെ ആദ്യ ഓവറിൽത്തന്നെ മുൺസെ മടങ്ങി. ബൗണ്ടറിക്കുള്ള ശ്രമത്തിനിടെ മുൺസെയെ ഹാർദിക് പാണ്ഡ്യ കൈയിലൊതുക്കി. പിന്നെ ജഡേജയുടെ ഊഴമായിരുന്നു. ആദ്യ ഓവറിൽ ബെറിങ്ടണെയും (0) ക്രോസിനെയും (2) ജഡേജ പുറത്താക്കി.
മക്-ലിയോദും (16) ലീസ്കും (21) പിടച്ചുനിൽക്കാൻ ശ്രമിച്ചു. ഒരു സിക്സറും രണ്ട് ഫോറും പായിച്ച് ലീസ്ക് സ്കോർ ഉയർത്താൻ ശ്രമിച്ചു. പക്ഷേ, മറുവശത്ത് 28 പന്തിലാണ് മക്ലിയോദ് 16 റണ്ണെടുത്തത്. ഒടുവിൽ ഷമിയുടെ പന്തിൽ കുറ്റിതെറിച്ച് മടങ്ങി. ലീസ്കിനെ ജഡേജ വിക്കറ്റിനുമുന്നിൽ കുരുക്കി. ഇതിനിടെ ബുമ്ര ട്വന്റ-ി 20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരമായി. 54 കളിയിൽ 64 വിക്കറ്റാണ് പേസർക്ക്.
ഉയർന്നു
റൺ നിരക്ക്
സ്കോട്ലൻഡിനെതിരായ തകർപ്പൻ ജയത്തോടെ റൺനിരക്കുയർത്തി ഇന്ത്യ. ഗ്രൂപ്പ് രണ്ടിൽ റൺനിരക്കിൽ ഒന്നാമതാണ്. 1.619 -ആണ് റൺനിരക്ക്. പട്ടികയിൽ നാല് പോയിന്റുമായി മൂന്നാമതാണ് ഇന്ത്യ. പാകിസ്ഥാൻ നാലിലും ജയിച്ച് സെമി ഉറപ്പിച്ചിട്ടുണ്ട്. രണ്ടാമതുള്ള ന്യൂസിലൻഡിന്റെ റൺനിരക്ക് 1.277. നാലാമതുള്ള അഫ്ഗാനിസ്ഥാന്റേത് 1.481.
ഞായറാഴ്ച നടക്കുന്ന ന്യൂസിലൻഡ്–-അഫ്ഗാൻ മത്സരം ഇന്ത്യയുടെ സാധ്യതകൾ നിർണയിക്കും. ന്യൂസിലൻഡ് ജയിച്ചാൽ അവർ സെമിയിലേക്ക് കടക്കും. ഇന്ത്യക്ക് അഫ്ഗാൻ ജയിക്കണം. എന്നാൽ റൺനിരക്കിൽ അഫ്ഗാന് പിന്നിലാകുകയും ചെയ്യരുത്. മാത്രമല്ല തിങ്കളാഴ്ച നമീബിയക്കെതിരെ വമ്പൻജയം നേടുകയും വേണം.