തിരുവനന്തപുരം > പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് ശനിയാഴ്ച പരമാവധി സർവീസ് നടത്താൻ കെഎസ്ആർടിസി. ഇതിനായി പരമാവധി സൗകര്യം ചെയ്യാൻ യൂണിറ്റ് ഓഫീസർമാർക്ക് സിഎംഡി നിർദേശം നൽകി. ഒരുവിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്കിനെ തുടർന്നാണിത്.
സമരത്തിൽ പങ്കെടുക്കാതെ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് സർവീസുകൾ നടത്തണമെന്നും അതിനായി ജീവനക്കാരെ മുൻകൂട്ടി നിയോഗിക്കണമെന്നും നിർദേശിച്ചു. വാരാന്ത്യ ദിനത്തിൽ വിവിധ സ്ഥലങ്ങളിൽനിന്ന് യാത്രക്കാർക്ക് തിരികെ വീട്ടിൽ എത്തേണ്ടതിനാൽ ബുദ്ധിമുട്ട് ഉണ്ടാകാതെ സർവീസുകൾ നടത്തും.
ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് ഡബിൾ ഡ്യൂട്ടി ഉൾപ്പെടെ നൽകി പരമാവധി ട്രിപ്പുകൾ ഓടിക്കും. അവശ്യ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ദീർഘദൂര സർവീസുകൾ, ഒറ്റപ്പെട്ട സർവീസുകൾ, പ്രധാന റൂട്ടുകളിലെ സർവീസുകൾ എന്നിങ്ങനെ അയക്കും. റിസർവേഷൻ നൽകിയിട്ടുള്ള സർവീസും നടത്തും.