തിരുവനന്തപുരം: സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജനങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തും. സാഹചര്യം വിശദീകരിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്രം അധിക നികുതി പിൻവലിക്കണം എന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
പെട്രോൾ, ഡീസൽ വിൽപന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. നികുതി കുറയ്ക്കാൻ കേരളത്തിന് പരിമിതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പോക്കറ്റടിച്ചിട്ട് വണ്ടിക്കൂലി തിരിച്ചുകൊടുക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റേതെന്നും അദ്ദേഹം പരിഹസിച്ചിരുന്നു.
കേന്ദ്രം കുറച്ചതിന് ആനുപാതികമായി കേരളത്തിലും വിലകുറഞ്ഞിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 10 രൂപ ഡീസലിന് കേന്ദ്രം കുറച്ചപ്പോൾ സംസ്ഥാനം 2.50 രൂപയും പെട്രോളിന് 5 രൂപ കുറച്ചപ്പോൾ 1.60 രൂപയോളവും ആനുപാതികമായി കേരളത്തിൽ കുറവ് വന്നതായും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ധന നികുതികുറയ്ക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.
എക്സൈസ് തിരുവ കുറച്ച് എണ്ണവില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത് രാജ്യമെമ്പാടും ഉയർന്നുവന്ന പ്രതിഷേധത്തെ തുടർന്നാണെന്ന് കെ സുധാകരൻ ആരോപിച്ചിരുന്നു. രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് നേരിടേണ്ടിവന്ന പരാജയവും ഈ നീക്കത്തിന് കാരണമായി. കേരള സർക്കാരും അടിയന്തരമായി നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസം പകരണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതയ്ക്കെതിരെ ജനങ്ങൾക്കുവേണ്ടി തെരുവിലിറങ്ങി സമരം ചെയ്ത സമര പോരാളികളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കാനുള്ള വ്യഗ്രതയിലാണ് പിണറായി സർക്കാരെന്നും കെ. സുധാകരൻ ആരോപിച്ചിരുന്നു.
ഇന്ധന വില വർദ്ധനയിൽ കേന്ദ്ര സർക്കാരിനെ പഴിചാരി ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള സംസ്ഥാന സർക്കാരിന്റെ എല്ലാ അടവും പൊളിഞ്ഞുവെന്ന് കെ സുരേന്ദ്രൻ ആരോപിച്ചിരുന്നു. മറ്റു പല സംസ്ഥാനങ്ങളും നികുതി കുറച്ച് കേന്ദ്രത്തിന് പിന്തുണ നൽകിയിട്ടും കേരള സർക്കാർ തപ്പിതടയുകയാണ്. കേന്ദ്രം നികുതി കുറച്ചാൽ കേരളവും നികുതി കുറയ്ക്കാമെന്ന വാഗ്ദാനം പാലിക്കാൻ ധനകാര്യ മന്ത്രി തയ്യാറാവണം. നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
Content Highlights:Kerala need not to reduce fuel price tax, explains CPIM