ബഹിരാകാശത്ത് സിനിമ ചിത്രീകരിക്കാനാവുമോ? അങ്ങനെയൊരു സിനിമകൂടി സാധ്യമായിരിക്കുന്നു. അമേരിക്കൻ പ്രൈവറ്റ് സ്പേസ് കമ്പനി ഇലോൺ മസ്കിന്റെ സ്പേസ്-എക്സും അമേരിക്കൻ നടനായ ടോം ക്രൂയിസും നാസയുടെ സഹായത്തോടെ 2021 ൽ ഒരുഗ്രൻ ത്രില്ലർ സിനിമ ബഹിരാകാശത്ത്, അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ ഷൂട്ട് ചെയ്യാൻ ആലോചിക്കുകയായിരുന്നു. എന്നാൽ അതിനുമുമ്പേ ഈ ആശയം റഷ്യ നടപ്പാക്കിക്കഴിഞ്ഞു. അങ്ങനെ ഇത്തവണത്തെ “ബഹിരാകാശ മത്സരത്തിലും’ ജയം റഷ്യക്കുതന്നെ.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ തലവൻ ദിമിത്രി റൊഗോസ്കിനാണ് ബഹിരാകാശ സിനിമയുടെ പിന്നിലെ പ്രധാന വ്യക്തി. ബഹിരാകാശ രംഗത്ത് റഷ്യയുടെ (സോവിയറ്റ് യൂണിയന്റെ)മുന്നേറ്റം ഒരിക്കൽകൂടി സാക്ഷ്യപ്പെടുത്താനാണ് റോഗോസ്കിൻ ശ്രമിക്കുന്നത് .
ബഹിരാകാശനിലയത്തിലെ ഇവാനോവ് എന്ന കോസ്മോനോട്ട് ബഹിരാകാശ വാഹനത്തിന്റെ പുറത്ത് പ്രവർത്തിക്കുമ്പോൾ (space walk) ബോധരഹിതനായി ഒരു എമർജൻസി ഉണ്ടാവുകയും ഒരു ഹൃദയസർജൻ, ഡോക്ടർ ഴെന്യ പെെട്ടന്ന് ബഹിരാകാശത്തേക്ക് യാത്ര ചെയ്ത് അയാളെ രക്ഷപ്പെടുത്തുന്നതുമാണ് ‘വെല്ലുവിളി’ (Challenge) എന്ന സിനിമയുടെ കഥാ തന്തു. ടോം ക്രൂയിസ് പ്ലാൻ ചെയ്യുന്നത് ഒരു ബഹിരാകാശ-യുദ്ധ ത്രില്ലറല്ല, മനുഷ്യ സ്നേഹപരമായ ത്രില്ലറാണ്.
ഒക്ടോബർ അഞ്ചിന് ഉച്ചക്ക്, ഡോക്ടറായി അഭിനയിക്കുന്ന യൂലിയ പെരെസിൽഡും സംവിധായകൻ ക്ലിം ഷിപ്പേങ്കോയും ദൗത്യത്തിന്റെ കമാൻഡർ ആന്റൺ ഷ്കപേലെറോവും ബൈക്കൊന്നൂരിൽ നിന്നും സോയുസ്- എം എസ് 19 ൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി.
ഇപ്പോൾ അവിടെയുള്ള രണ്ടു റഷ്യൻ കോസ്മോനോട്ടുകളായ ഒലെഗ് നോവിട്സ്കിയും പിയോതർ ഡൂബ്രോവും സിനിമയിൽ അഭിനയിക്കുന്നുണ്ട്. സിനിമയിൽ ബോധം നഷ്ടപ്പെട്ട കോസ്മോനോട്ട് ആയി അഭിനയിക്കുന്നത് ഒലെഗ് നോവിട്സ്കിയാണ്. യാത്രയ്ക്ക് മുൻപ് യൂലിയ പെരെസിൽഡും ക്ലിം ഷിപ്പേങ്കോയും നാലു മാസത്തെ അതികഠിനമായ ട്രെയിനിങ് നടത്തിയിരുന്നു.
ഒന്നര വർഷം നീണ്ട പരിശീലനമാണ് അവർ നാലു മാസം കൊണ്ട് പൂർത്തിയാക്കിയത്. 12 ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം അവർ ഒക്ടോബർ17ന് കസാക്കിസ്ഥാനിൽ തിരിച്ചിറങ്ങി. ബഹിരാകാശത്തേക്കുള്ള യാത്രയും തിരിച്ചിറക്കവുമൊക്കെ സിനിമയുടെ ഭാഗം തന്നെ.
സിനിമയിൽ ബോധം നഷ്ടപ്പെട്ട രോഗിയായി അഭിനയിക്കുന്ന ഒലെഗ് നോവിട്സ്കിയാണ് ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ യൂലിയ പെരെസിൽഡും ക്ലിം ഷിപ്പേങ്കോവിനോടും ഒപ്പം യാത്രചെയ്തത്.
ഒന്നാമത്തെ കൃത്രിമ ഉപഗ്രഹം വിക്ഷേപിക്കുക (സ്പുട്നിക് ‐ 1957), ആദ്യമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുക (യൂറി ഗഗാറിൻ ‐1961 ), ആദ്യത്തെ വനിതയെ ബഹിരാകാശത്തേക്ക് അയക്കുക (വാലന്റീന തെരഷ്കോവ 1963 ൽ) എന്നീ റെക്കോർഡുകൾ ഉണ്ടാക്കിയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന റഷ്യ ഇപ്പോൾ നാലാമത്തെ റെക്കോർഡുകൂടി ഉണ്ടാക്കിയിരിക്കുന്നു.