തിരുവനന്തപുരം: ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ എൽഡിഎഫിൽ ധാരണയായി. മുൻ സർക്കാരിന്റെ കാലത്ത് ഐഎൻഎൽ വഹിച്ചിരുന്ന സ്ഥാനമാണിത്. എൽഡിഎഫിലെ ബോർഡ് കോർപ്പറേഷൻ വിഭജനം ഏകദേശം പൂർത്തിയാകുമ്പോൾ മൊത്തം ആറ് സ്ഥാനങ്ങളാണ് കേരളാ കോൺഗ്രസ് എമ്മിന് ലഭിച്ചിരിക്കുന്നത്. സിപിഐ കഴിഞ്ഞ തവണത്തെ അത്ര തന്നെ സ്ഥാനങ്ങൾ നിലനിർത്തിയപ്പോൾ ചെറുകക്ഷികൾക്കാണ് നഷ്ടമുണ്ടായത്.
സർക്കാർ അധികാരത്തിലെത്തി ആറ് മാസമാകുമ്പോഴാണ് ഇപ്പോൾ എൽഡിഎഫിലെ ബോർഡ് കോർപ്പറേഷൻ വിഭജനം പൂർത്തിയായിരിക്കുന്നത്. പുതുതായി വന്ന കക്ഷികൾക്ക് നൽകുന്ന സ്ഥാനമാനങ്ങളെപ്പറ്റി നിലനിന്നിരുന്ന ഭിന്നതകളാണ് ബോർഡ് കോർപ്പറേഷൻ വിഭജനം ഇത്രയും വൈകിപ്പിച്ചത്. പുതുതായി മുന്നണിയിലേക്ക് വന്ന പ്രധാന കക്ഷിയായ കേരളാ കോൺഗ്രസ് എം 15 സീറ്റുകളാണ് ചോദിച്ചത്. ആറ് ചെയർമാൻ സ്ഥാനങ്ങൾ നൽകാമെന്നുള്ള ധാരണയിലാണ് ഇപ്പോൾ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.
മുൻ സർക്കാരിന്റെ കാലത്ത് ഐഎൻഎൽ വഹിച്ചിരുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന് നൽകാനുള്ള നടപടി രാഷ്ട്രീയമായ നയം മാറ്റം കൂടിയാണ്. ഇതോടൊപ്പം കഴിഞ്ഞ തവണ ജനതാദൾ എസ് കൈവശംവെച്ചിരുന്ന കേരളാ വനം വികസന കോർപ്പറേഷനും കേരളാ കോൺഗ്രസ് എമ്മിന് ലഭിക്കും. സിപിഐ കഴിഞ്ഞ തവണത്തെ പോലെ തന്നെ 17 സ്ഥാനങ്ങൾ നിലനിർത്തി. ഇതേപ്പറ്റി അന്തിമ പ്രഖ്യാപനം അടുത്തയാഴ്ച നടക്കുന്ന യോഗത്തിന് ശേഷമുണ്ടാകുമെന്നാണ് സൂചന.
Content Highlights: Kerala Congress m gets the post of chairman at minority development finance corporation