തിരുവനന്തപുരം > കാലവര്‍ഷക്കെടുതി മൂലം ശബരിമല റോഡുകള്‍ക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിര്‍മ്മാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പി ഡബ്ല്യുഡി മിഷന് ടീം യോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം സാംബശിവറാവു ഐ എ എസിന്റെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചത്. മൂന്ന് ചീഫ് എഞ്ചിനിയര്‍മാര്‍ കൂടി ഉള്‍പ്പെടുന്ന ടീം പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികള്‍ നേരിട്ട് എത്തി വിലയിരുത്തും. കാലവര്‍ഷം നിലവിലുള്ള ശബരിമല റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.
പരിശോധനക്ക് ശേഷം വിശദമായ റിപ്പോര്‍ട്ട് നല്കുവാനും മന്ത്രി ഉന്നതതല സംഘത്തിന് നിര്‍ദ്ദേശം നല്കി. ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താന്‍ നവംബര്‍ ഏഴിന് പത്തനംതിട്ടയില്‍ പൊതുമരാമത്ത് – ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എം എല്‍ എ മാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കലക്ടര്‍മാരും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പിലെ ഉന്നതതല സംഘം നല്കുന്ന റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങള്‍ യോഗം കൈക്കൊള്ളും.