കൊച്ചി
ദേശീയപാത തടസ്സപ്പെടുത്തിയതിനെതിരെ പ്രതികരിച്ച നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ പ്രതികളെല്ലാം ഒളിവിലാണെന്ന് പൊലീസ്. കഴിഞ്ഞദിവസം അറസ്റ്റിലായ കോൺഗ്രസ് പ്രവർത്തകൻ വൈറ്റില സ്വദേശി പി ജി ജോസഫിനെ ബുധനാഴ്ച റിമാൻഡ് ചെയ്തു.
കേസിൽ ടോണി ചമ്മണിയും കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രനും ഉൾപ്പെടെ എട്ട് പ്രതികളുണ്ട്. മരട് പൊലീസ് കേസെടുത്തതിനുപിന്നാലെ പ്രതികൾ മൊബൈൽഫോൺ ഓഫാക്കി മുങ്ങുകയായിരുന്നു. എറണാകുളം അസിസ്റ്റന്റ് കമീഷണർ നിസാമുദ്ദീന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മൊബൈൽഫോൺ സ്വിച്ച് ഓഫായതിനാൽ ടവർ ലൊക്കേഷൻ കണ്ടെത്താനായില്ല. മുൻകൂർജാമ്യത്തിന് ശ്രമിക്കുകയാണ് പ്രതികൾ.
ജോജു പൊലീസിൽ നൽകിയ പരാതിയിൽ ടോണി ചമ്മണിയെ എടുത്തുപറഞ്ഞിട്ടുണ്ട്. ഒന്നാംപ്രതിയായ ടോണി ചമ്മണിയും സജീന്ദ്രനും പ്രവർത്തകരെയും കൂട്ടി ജോജുവിനോട് തട്ടിക്കയറുന്നതും കാറിൽ അടിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടയിലാണ് പി ജി ജോസഫ് കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ല് ഇടിച്ചുതകർത്തത്. ജോസഫ് കുറ്റസമ്മതം നടത്തിയതായി അസി. കമീഷണർ പറഞ്ഞു. ചില്ല് തകർത്തപ്പോൾ ജോസഫിന്റെ വലതുകൈക്ക് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. വാഹനത്തിൽ വീണ രക്തസാമ്പിൾ പരിശോധനയ്ക്ക് നൽകി. സ്വകാര്യസ്വത്തിന് നാശനഷ്ടമുണ്ടാക്കുന്നതിനെതിരായ നിയമത്തിലെ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കാറിന് ആറുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കിയിട്ടുള്ളത്.