കൊച്ചി
കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളോടെ തിയറ്ററുകൾ തുറന്നശേഷമുള്ള ബ്രഹ്മാണ്ഡ റിലീസാകാൻ സൂപ്പർതാരം രജനികാന്തിന്റെ ‘അണ്ണാത്തെ’ വരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ബിഗ്ബജറ്റ് ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലാണ് ദീപാവലി ദിനത്തിൽ ലോകമാകെ റിലീസ് ചെയ്യുന്നത്. കേരളത്തിലെ മുന്നൂറോളം സ്ക്രീനുകളിൽ പിവിആർ സിനിമാസാണ് ചിത്രം എത്തിക്കുന്നത്. കേരളത്തിലെ തിയറ്ററുകൾക്ക് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയശേഷമുള്ള ആദ്യ മെഗാ റിലീസാകും ഇത്.
12ന് ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ എത്തുന്നുണ്ട്. ‘അണ്ണാത്തെ’ തമിഴ്നാട്ടിൽമാത്രം 1500 സ്ക്രീനുകളിലാണ് റിലീസാകുന്നത്. വ്യാഴം പുലർച്ചെ അഞ്ചിനാണ് ആദ്യ പ്രദർശനം. ‘അണ്ണാത്തെ’ റിലീസ് പ്രമാണിച്ച് ശിവ കാർത്തികേയൻ നായകനായ ‘ഡോക്ടർ’ തിയറ്ററുകളിൽനിന്ന് പിൻവലിച്ചു. വിദേശത്ത് 1100 സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന ‘അണ്ണാത്തെ’ ഇത്രയധികം വിദേശ സ്ക്രീനിലെത്തുന്ന ആദ്യ ഇന്ത്യൻചിത്രമാകും. അമേരിക്കയിൽ 572 സ്ക്രീനിലും യൂറോപ്പിൽ 135 സ്ക്രീനിലുമാണ് റിലീസ്. കേരളത്തിലെ മുഴുവൻ റിലീസ് തിയറ്ററുകളിലും ടിക്കറ്റുകൾ മുൻകൂർ വിറ്റുപോയതായി വിതരണക്കാർ അറിയിച്ചു.
ഗ്രാമീണ പശ്ചാത്തലമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ രജനികാന്ത് 58 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. നിർമാണച്ചെലവ് സൺ പിക്ചേഴ്സ് വെളിപ്പെടുത്തിയിട്ടില്ല. പ്രകാശ്രാജ്, മീന, കുശ്ബു, നയൻതാര, കീർത്തി സുരേഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ശിവയാണ് സംവിധായകൻ.