തിരുവനന്തപുരം
സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിർമാണം അന്തിമഘട്ടത്തിൽ. നിയമപരിഷ്കരണ കമീഷൻ സമർപ്പിച്ച കരട് ബിൽ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. താമസിയാതെ നിയമസഭയിൽ അവതരിപ്പിച്ച് നിയമമാക്കും. അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവർക്ക് ഏഴു വർഷംവരെ തടവും ഒരു ലക്ഷംരൂപ പിഴയും ഉറപ്പാക്കുന്നതാണ് നിയമം.
മന്ത്രവാദം, കൂടോത്രം, നഗ്നരാക്കി നടത്തിക്കൽ, പ്രേതബാധ ഒഴിപ്പിക്കൽ, നിധി തേടിയുള്ള ഉപദ്രവം, ചികിത്സ തടയൽ തുടങ്ങിയവ ശിക്ഷാർഹമാണ്. മന്ത്രവാദത്തിന്റെ പേരിൽ ലൈംഗികമായി പീഡിപ്പിക്കലും കടുത്ത കുറ്റമാണ്. ഓരോന്നിനുമുള്ള ശിക്ഷ കരടിൽ വിശദമാക്കിയിട്ടുണ്ട്. അന്ധവിശ്വാസവും അനാചാരവും തടയാൻ നിയമം കൊണ്ടുവരുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കരട് ബിൽ തയ്യാറാക്കാൻ ജസ്റ്റിസ് കെ ടി തോമസ് ചെയർമാനായ നിയമപരിഷ്കരണ കമീഷനെ ചുമതലപ്പെടുത്തി.
ക്രിമിനൽ നടപടികളാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനാൽ ആഭ്യന്തര വകുപ്പിന്റെകൂടി വിശദപരിശോധന ആവശ്യമാണ്. ശേഷമാകും നിയമസഭയിൽ അവതരിപ്പിക്കുന്നതടക്കമുള്ള തീരുമാനമെടുക്കുക.