കൊച്ചി: മലങ്കര സഭയിലെ പള്ളിത്തർക്കങ്ങൾ, പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാൻ നിയമം നിർമിക്കണമെന്ന നിയമ പരിഷ്കരണ കമ്മിഷൻ ശുപാർശ സ്വാഗതം ചെയ്ത് യാക്കോബായ സഭ. തങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണിതെന്നും നിയമനിർമാണം വഴി തർക്കങ്ങൾക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കാനാകുമെന്നും യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു.
ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള പള്ളിത്തർക്കത്തിൽ പള്ളികളിലെ ഭൂരിപക്ഷമനുസരിച്ച് അവകാശം സംരക്ഷിക്കാൻ നിയമം നിർമിക്കണമെന്നാണ് ജസ്റ്റിസ് കെ.ടി.തോമസ് അധ്യക്ഷനായ നിയമപരിഷ്കരണ കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്. ശുപാർശ നടപ്പായാൽ പള്ളിത്തർക്കത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതി വിധി മറികടക്കുന്ന സാഹചര്യമുണ്ടാകും. സർക്കാർ നടത്തിയ അനുരഞ്ജന ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് ശുപർശയെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഹിതപരിശോധനയിലൂടെ ഭൂരിപക്ഷം തെളിയിക്കപ്പെട്ടാൽ തങ്ങളുടെ കൈവശമുള്ള പള്ളികളും വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് ശുപാർശയെ കുറിച്ച് പ്രതികരിക്കവേ മാർ ഗ്രിഗോറിയോസ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ഹിതപരിശോധന വഴി ന്യൂനപക്ഷമാകുന്ന വിഭാഗത്തിന്റെ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. ചർച്ചകളിലൂടെ അവർക്ക് പുതിയ പള്ളിയോ അതേ പള്ളിയിൽ തന്നെ പ്രാർത്ഥനയ്ക്കുള്ള അവസരമോ ഒരുക്കാം. നിലനിൽക്കുന്ന രീതിയിൽ മുന്നോട്ടുപോകുന്നത് അപകടമാണ്. പുതിയ ശുപാർശയെ ശുഭപ്രതീക്ഷയോടെയാണ് കാണുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു.
ജനാധിപത്യ രീതിയിൽ സഭാതർക്കം പരിഹരിക്കാനുള്ള വഴിയാണ് ജസ്റ്റിസ് കെ.ടി.തോമസ് കമ്മിഷന്റെ ശുപാർശയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് സഭാ വക്താവ് ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപൊലീത്ത പറഞ്ഞു. ശുപാർശ സുപ്രീംകോടതി വിധിയ്ക്ക് എതിരല്ലെന്നും 2017-ലെ സുപ്രീംകോടതി വിധിയിൽ ഈ വിഷയത്തിൽ സർക്കാരിന് നിയമനിർമാണം നടത്താമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ദ കേരള പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്, ടൈറ്റിൽ, ആൻഡ് ഇന്ററസ്റ്റ് ഓഫ് പാരിഷ് ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് റൈറ്റ് ഓഫ് വർഷിപ്പ് ഓഫ് ദ മെംബേഴ്സ് ഓഫ് മലങ്കര ചർച്ച് ബിൽ 2020 എന്നാണ് കമ്മിഷൻ സമർപ്പിച്ച ബില്ലിന്റെ പേര്. ശുപാർശ കഴിഞ്ഞദിവസം കമ്മിഷൻ വൈസ് ചെയർമാൻ കെ. ശശിധരൻനായർ നിയമമന്ത്രി പി. രാജീവിന് സമർപ്പിച്ചിട്ടുണ്ട്. നിയമനിർമാണം നടത്തണോ എന്നത് സർക്കാരാണ് തീരുമാനിക്കേണ്ടത്.
നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളി- ഓർത്തഡോക്സ് സഭ
അതേസമയം, സുപ്രീം കോടതി വിധിയെ നിയമനിർമാണങ്ങളിലൂടെ അട്ടിമറിക്കാനുള്ള ശ്രമം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന്
മലങ്കര ഓർത്തഡോക്സ് സഭാ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. നിയമവിരുദ്ധമായ ഒരു ശുപാർശ നൽകിയാൽ സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷ. കോടതി വിധികളെ നിയമനിർമാണത്തിലൂടെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
content highlights:jacobite church on law reformation commission recommendation