തിരുവനന്തപുരം
ദേശീയ നേതൃത്വവും ആർഎസ്എസും നേരിട്ട് നിരീക്ഷിച്ച് വിളിച്ചുചേർക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗങ്ങൾ ബഹിഷ്കരിച്ച് മുതിർന്ന നേതാക്കൾ. എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ എന്നിവർ ചൊവ്വാഴ്ച തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിലും ശോഭ സുരേന്ദ്രൻ ഭാരവാഹി യോഗത്തിലും പങ്കെടുത്തില്ല. വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും ഏകപക്ഷീയ നിലപാടുകൾക്ക് കൂട്ടുനിൽക്കുന്ന ദേശീയ സംഘടനാ സെക്രട്ടറി ബി എൽ സന്തോഷിനെതിരെയാണ് പ്രതിഷേധം. ഭാരവാഹിയോഗം ബുധനാഴ്ചയും തുടരും.
പുനഃസംഘടനയിലെ നേട്ടം ഉയർത്തിക്കാട്ടി സുരേന്ദ്രൻ ഏകപക്ഷീയമായി നീങ്ങുന്ന ഘട്ടത്തിൽ ബഹിഷ്കരണം തിരിച്ചടിയായി. എതിർത്ത് പ്രതികരിച്ചാൽ പുറത്താകുമെന്ന ഭീഷണിയോടെയാണ് സുരേന്ദ്രൻ യോഗം വിളിച്ചത്. പ്രഭാരി സി പി രാധാകൃഷ്ണനും പങ്കെടുക്കുന്നുണ്ട്. ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ ചേരുന്ന യോഗം ബഹിഷ്കരിച്ച നേതാക്കൾ ശക്തമായ സൂചനയാണ് നൽകിയിരിക്കുന്നത്.
കോർ കമ്മിറ്റിയെ നോക്കുകുത്തിയാക്കി സംസ്ഥാന ഭാരവാഹികളെ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. അഴിമതിക്കാരായ ജില്ലാ പ്രസിഡന്റുമാരെ സംരക്ഷിച്ച് ഔദ്യോഗിക നേതൃത്വത്തിന് അനഭിമതരായവരെ നീക്കി. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിലടക്കം മുരളീധരനും സുരേന്ദ്രനും സ്വീകരിച്ച നയം പാർടിയിലേക്കും കൊണ്ടുവന്നിരിക്കുന്നു. ഇതുമായി സഹകരിക്കാൻ ബുദ്ധിമുട്ടാണെന്ന് ഇരുപക്ഷവും കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുരളീധരന്റെയും സുരേന്ദ്രന്റെയും ബിനാമി ഇടപാടുകളും ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും ഇവർ പറയുന്നു.