തിരുവനന്തപുരം
പുനഃസംഘടിപ്പിക്കപ്പെട്ട കെപിസിസിയുടെ ആദ്യ യോഗത്തിൽ പ്രസിഡന്റ് കെ സുധാകരനും ബെന്നി ബെഹനാൻ എംപിയും തമ്മിൽ രൂക്ഷമായ വാക്കേറ്റം. പുനഃസംഘടന നിർത്തിവയ്ക്കണമെന്ന് എ, ഐ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടു. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ സുധാകരൻ. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും യോഗം ബഹിഷ്കരിച്ചു. കെ മുരളീധരൻ പങ്കെടുത്തതുമില്ല.
കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിന്റെ പരിശീലനപരിപാടിയിൽ നേതാക്കളെ അവഗണിച്ചെന്ന് ബെന്നി ബെഹനാൻ പരാതിപ്പെട്ടു. യൂണിറ്റുകളെ കെ എസ് ബ്രിഗേഡാക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇതു കേട്ട് സുധാകരൻ രോഷാകുലനായി.
നിയമസഭയിൽ പിണറായി വിജയനോട് ചോദിക്കുന്നതുപോലെ ഇവിടെ സംസാരിക്കരുത്. താൻ കെപിസിസി പ്രസിഡന്റാണ്. യൂണിറ്റ് കമ്മിറ്റിക്കുള്ള പരിശീലനമാണ് നടക്കുന്നത്. അവിടെ നിങ്ങൾ എന്തിന് പ്രസംഗിക്കണമെന്നും- സുധാകരൻ ചോദിച്ചു. ബെന്നി ഇടപെടാൻ നോക്കിയെങ്കിലും, ‘അവിടെ ഇരിക്ക്, ഞാൻ പറയട്ടെ’ എന്നു പറഞ്ഞ് വിരട്ടി.
വനിതാനേതാക്കൾ തഴയപ്പെടുന്നെന്ന് ഷാനിമോൾ ഉസ്മാൻ പരാതിപ്പെട്ടു. കഴിവുള്ളവർപോലും അവഗണിക്കപ്പെട്ടു. ബിന്ദുകൃഷ്ണയും ഇതേ വികാരം പ്രകടിപ്പിച്ചു. സമുദായനേതാക്കൾ പറയുന്നവർക്കാണ് ഭാരവാഹിത്വം നൽകുന്നതെന്ന് ടി ശരത്ചന്ദ്ര പ്രസാദ് വിമർശിച്ചു. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ശേഷിക്കുന്ന പുനഃസംഘടന നിർത്തണമെന്ന് എ ഗ്രൂപ്പിലെ കെ ബാബു, കെ സി ജോസഫ് എന്നിവർ ആവശ്യപ്പെട്ടു. എ, ഐ ഗ്രൂപ്പുകളുടെ ധാരണപ്രകാരമാണ് ഇക്കാര്യം ഉന്നയിച്ചത്. സംഘടനാ തെരഞ്ഞെടുപ്പ് തമ്മിൽ തല്ലുണ്ടാക്കാനുള്ളതല്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുന്നറിയിപ്പ് നൽകി. ഇതോടെയാണ് പുനഃസംഘടനയിൽ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ സുധാകരൻ മുന്നറിയിപ്പ് നൽകിയത്.
രാഷ്ട്രീയകാര്യ സമിതിയുടെ ആവശ്യമില്ലെന്ന തരത്തിലും ചർച്ചയുണ്ടായി. നിർവാഹക സമിതി ചേർന്ന് ഇപ്പോൾ തീരുമാനമെടുക്കാൻ കഴിയുമെന്നതിനാൽ രാഷ്ട്രീയകാര്യ സമിതി കൂടേണ്ടതില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തു.