തിരുവനന്തപുരം
ഉമ്മൻചാണ്ടി സർക്കാർ ഇന്ധന നികുതി കുറച്ചെന്ന പ്രതിപക്ഷ അവകാശവാദം പൊള്ളയാണെന്ന് മന്ത്രി കെ എൻ ബാലഗോപാൽ . 2011 –-15 വരെ മൂന്നുതവണ പെട്രോൾ നികുതി കുറച്ചെങ്കിൽ 13 തവണയാണ് വർധിപ്പിച്ചതെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. 2011ൽ 26.64 ശതമാനമായിരുന്നു നികുതി. 2015ൽ 31.8 ശതമാനമായി. ഡീസലിൽ 22.6ൽ നിന്നും -24.52 ആയി. നികുതിയിളവായി 620 കോടി നൽകിയപ്പോൾ നാലിരട്ടിയാണ് കൂടുതലായി പിരിച്ചെടുത്തത്. അഞ്ചുവർഷത്തിനിടെ നികുതി വർധിപ്പിക്കാതെ ഒരു തവണ കുറച്ച എൽഡിഎഫ് സർക്കാർ 509 കോടി രൂപ നികുതിയിളവ് നൽകി. പെട്രോളിന്റെ വില വർധന കൂടെ കണക്കാക്കിയാൽ ഇത് 1500 കോടി. നികുതി വരുമാനത്തിലും വ്യത്യാസമുണ്ട്. യുഡിഎഫിന്റെ കാലത്ത് 94 ശതമാനം വർധിച്ചപ്പോൾ എൽഡിഎഫ് കാലത്ത് (2016-–-20) 15 ശതമാനം വർധനമാത്രം. പെട്രോൾ ഡീസൽ നികുതി ഘടനയിൽ കേന്ദ്ര സർക്കാർ വരുത്തിയ പരിഷ്കാരം പിൻവലിക്കണമെന്നും മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ആവശ്യപ്പെട്ടു.
2018- –-19ൽ അന്താരാഷ്ട്ര മാർക്കറ്റിൽ പാചകവാതക വില 485.92 ഡോളറിൽ (മെട്രിക് ടണ്ണിന്)നിന്ന് 526 ഡോളർ (എട്ട് ശതമാനം വർധന). ഇന്ത്യയിൽ പാചകവാതക വില 653.46 രൂപയിൽനിന്ന് 768.12 രൂപയായി (17.55 ശതമാനത്തിന്റെ വർധന). ജിഎസ്ടി നിരക്ക് മാറ്റിയിട്ടുമില്ല. എട്ടു ശതമാനം ലാഭം കമ്പനികൾക്ക്.
മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു
പാചകവാതകത്തിന് വില കുറയ്ക്കണമെന്നും സബ്സിഡി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രി കത്തയച്ചെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. കുറഞ്ഞ നിരക്കിൽ പാവങ്ങൾക്ക് പാചകവാതകം നൽകുന്ന പ്രധാൻമന്ത്രി ഉജ്വൽ യോജനയുടെ ഗുണഭോക്താക്കളും കൂടിയ വില നൽകാനാകാതെ സിലിണ്ടർ ഉപേക്ഷിച്ചുവെന്നും കെ വി സുമേഷിന്റെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിൽ മന്ത്രി പറഞ്ഞു.