തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം മകൻ വിഎ അരുൺകുമാറാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. രക്തത്തിലെ സോഡിയം കുറയുന്നതാണ് നിലവിൽ വിഎസ് അച്യുതാനന്ദൻ നേരിടുന്ന പ്രശ്നമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഉദരസംബന്ധമായ അസുഖവുമുണ്ട്.
തിരുവനന്തപുരം പട്ടത്തെ ഉത്രാടം തിരുനാള്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം. അക്യൂട്ട് ഗ്യാസ്ട്രോഎൻട്രൈറ്റിസ്, ഡിസെലെക്ട്രെലിമിയ എന്നീ ആരോഗ്യപ്രശ്നങ്ങള്‍ അദ്ദേഹത്തിന് സ്ഥിരീകരിച്ചതായാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട്. മുതിര്‍ന്ന സിപിഎം നേതാവിൻ്റെ ആരോഗ്യനില നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു.
Also Read:
കഴിഞ്ഞ എൽഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷൻ ചെയര്മാൻ പദവിയുണ്ടായിരുന്നെങ്കിലും നിലവിൽ വിഎസിന് ഔദ്യോഗിക ചുമതലകളില്ല. തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടിൽ പൂര്‍ണവിശ്രമത്തിലാണ് വിഎസ്. രാഷ്ട്രീയരംഗത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ടെങ്കിലും രണ്ട് വര്‍ഷമായി അദ്ദേഹം വീട്ടിൽ തന്നെ വിശ്രമത്തിൽ തുടരുകയാണ്.
Also Read:
2019 ഒക്ടോബറിലായിരുന്നു വിഎസ് അവസാനമായി പൊതുപരിപാടികളിൽ പങ്കെടുത്തത്. പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണം കഴിഞ്ഞ് തിരുവനന്തപുരത്ത് തിരിച്ചെത്തിയ വിഎസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തോട് പൂര്ണവിശ്രമമായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ഇതോടെ പൊതുപരിപാടികള്‍ എല്ലാം ഒഴിവാക്കി. 2021 ജനുവരിയിലാണ് ഭരണപരിഷ്കാര കമ്മീഷൻ ചെയര്‍പേഴ്സൺ പദവിയും ഒഴിഞ്ഞത്.
കഴിഞ്ഞ ഒക്ടോബർ 20നായിരുന്നു വിഎസ് 98-ാം ജന്മദിനം ആഘോഷിച്ചത്. കൊവിഡ് 19 സാഹചര്യത്തിൽ അണുബാധ ഒഴിവാക്കാനായി വീട്ടിലേയ്ക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ലളിതമായ ചടങ്ങുകളോടെ കുടുംബാംഗങ്ങൾ തന്നെയാണ് പിറന്നാൾ ആഘോഷിച്ചത്.
2019ൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വിഎസ് കുറച്ചു നാൾ കിടക്കയിലായിരുന്നെങ്കിലും പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടിരുന്നു. എങ്കിലും നടക്കാനുള്ള പ്രയാസം മൂലം വീടിനുള്ളിലും വീൽ ചെയർ സഹായത്തോടെയാണ് നീങ്ങുന്നത്. ദിവസവും പത്രം വായിക്കുമെന്നും ടിവി കാണുമെന്നുമാണ് റിപ്പോർട്ടുകൾ.
ലോകത്ത് ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും മുതിര്‍ന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് വിഎസ് അച്യുതാനന്ദൻ. 1964ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിഭജിക്കപ്പെട്ടതോടെ സിപിഎം രൂപീകരിക്കുന്നതിൽ മുഖ്യപങ്കു വഹിച്ച നേതാക്കളിൽ ജീവിച്ചിരിക്കുന്നവരിൽ ഒരേയൊരു നേതാവും വിഎസ് ആണ്. 1946ലെ പുന്നപ്ര വയലാര്‍ സമരത്തിലെ പ്രധാന നേതാക്കളിൽ ഒരാളായ വിഎസ് അറസ്റ്റിലാകുകയും ക്രൂരമര്‍ദ്ദനത്തിന് വിധേയനാകുകയും ചെയ്തിരുന്നു.