കൊച്ചി
നടൻ ജോജു ജോർജ് സ്ത്രീകളെ അപമാനിച്ചെന്ന നുണപ്രചാരണവുമായി ഡിസിസി പ്രസിഡന്റ് വീണ്ടും രംഗത്ത്. മഹിളാ കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ കഴമ്പില്ലെന്ന് സിറ്റി പൊലീസ് കമീഷണർ വ്യക്തമാക്കിയിട്ടും കോൺഗ്രസ് പ്രവർത്തകർ നടനെതിരെ സൈബർ ആക്രമണം തുടരുകയാണ്.
നടൻ തറഗുണ്ടയെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞത് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഫെയ്സ്ബുക് പേജിലും ചാനൽ ചർച്ചകളിലും ആവർത്തിക്കുകയും ചെയ്തു.
സിനിമാ സ്റ്റൈലിൽ സമനില തെറ്റിയപോലെ പെരുമാറുന്നതിനിടയിൽ വനിതാപ്രവർത്തകരോട് മോശമായി പെരുമാറിയ നടൻ, നുണയാണ് പറയുന്നതെന്ന് ഡിസിസി പ്രസിഡന്റ് എഫ്ബി കുറിപ്പിൽ പറഞ്ഞു. വിശാലമായ ബന്ധങ്ങൾ ഉപയോഗിച്ച് മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടൻ കോൺഗ്രസിനെതിരെ പൊതുബോധം സൃഷ്ടിക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് പറയുന്നു.
കെ എസ് ശബരീനാഥനും രമ്യ ഹരിദാസും ഉൾപ്പെടെയുള്ളവർ ജോജുവിനെതിരെ സമൂഹമാധ്യമത്തിൽ എഴുതി. ജോജുവിന്റെ കാർ തകർത്തതിനെക്കുറിച്ചുള്ള ഓൺലൈൻ വാർത്തയ്ക്കുകീഴിൽ ‘‘പോടെയ്..പോയ് തരത്തിൽ പോയി കളിക്ക്’’ എന്ന കമന്റാണ് ശബരീനാഥൻ ഇട്ടത്. കീമോതെറാപ്പിക്ക് പോകുന്ന കുട്ടി വാഹനത്തിൽ വിയർത്തൊലിക്കുന്നത് കണ്ടാണ് വാഹനങ്ങൾ നീക്കാൻ ആവശ്യപ്പെട്ടതെന്ന് ജോജു പറയുന്ന വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. സപ്പോർട്ട് ജോജു എന്ന ഹാഷ് ടാഗിലൂടെ ജോജുവിന് പിന്തുണ ഏറുകയാണ്.