കൊച്ചി
വഴിതടയൽസമരത്തിന്റെ പേരിൽ നടൻ ജോജു ജോർജിന്റെ കാർ അടിച്ചുതകർത്ത വൈറ്റിലയിലെ കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെ പ്രതികളായ കേസിൽ വൈറ്റിലയിലെ ഐഎൻടിയുസി കൺവീനർ പി ജി ജോസഫാണ് (45) അറസ്റ്റിലായത്. കൊച്ചി നഗരസഭ 52–-ാംഡിവിഷനിലെ കോൺഗ്രസ് കൗൺസിലർ സോണിയുടെ ഭർത്താവാണ്. മറ്റു പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്ന് അസിസ്റ്റന്റ് കമീഷണർ നിസാമുദീൻ പറഞ്ഞു.
ജോജുവിന്റെ കാർ അടിച്ചുപൊട്ടിക്കുമ്പോൾ ചില്ല് തറച്ച് ജോസഫിനും പരിക്കേറ്റിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ്. പൊതുഗതാഗതം സ്തംഭിപ്പിച്ച് ദേശീയപാത ഉപരോധിച്ച സംഭവത്തിൽ 50 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ്, ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മുൻ എംഎൽഎമാരായ വി പി സജീന്ദ്രൻ, ഡൊമിനിക് പ്രസന്റേഷൻ എന്നിവരും പ്രതികളാണ്.
ജോജുവിന്റെ വാഹനം തകർത്തവർ കുടുങ്ങും
ദേശീയപാത ഉപരോധത്തിനിടെ നടൻ ജോജു ജോർജിന്റെ വിലപിടിപ്പുള്ള വാഹനം തകർത്ത കേസിൽ പ്രതികളായ കോൺഗ്രസ് നേതാക്കൾ പിഴയടക്കം കനത്തവില നൽകേണ്ടിവരുമെന്ന് ഉറപ്പായി. സ്വകാര്യസ്വത്ത് നശിപ്പിക്കലിനെതിരെ മുൻ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് കേസ്.
വാഹനം തല്ലിപ്പൊളിച്ച എല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞു. 2019ൽ പാസാക്കിയ പ്രിവൻഷൻ ഓഫ് ഡാമേജ് ടു പ്രൈവറ്റ് പ്രോപർട്ടി ആൻഡ് പേമെന്റ് ഓഫ് കോംപൻസേഷൻ നിയമത്തിലെ അഞ്ചാംവകുപ്പുപ്രകാരമാണ് കേസെടുത്തത്. അറസ്റ്റിലായാൽ ജാമ്യമില്ലാതെ അകത്താകും. നഷ്ടത്തിനുതുല്യമായ തുക പരിഹാരമായി നൽകേണ്ടിയും വരും. ജാമ്യവ്യവസ്ഥയും കർശനമാണ്. നഷ്ടത്തിനുതുല്യമായ തുകയുടെ പകുതി കോടതിയിൽ കെട്ടിവയ്ക്കുകയോ ബാങ്ക് ഗ്യാരന്റി നൽകുകയോ വേണം. രണ്ട് ആൾജാമ്യവും. 2019 ജനുവരിയിൽ ഈ നിയമം പ്രാബല്യത്തിലായതോടെയാണ് സ്വകാര്യസ്വത്തിനുനേരെയുള്ള ആക്രമണം നഷ്ടപരിഹാരം ഉൾപ്പെടെ ലഭിക്കേണ്ട ക്രിമിനൽക്കുറ്റമായി മാറിയത്.
കോൺഗ്രസ് ആക്രമണത്തിൽ ജോജു ജോർജിന്റെ വാഹനത്തിന് ആറുലക്ഷം രൂപയുടെ നാശമുണ്ടായെന്നാണ് പരാതി. പൊലീസ് കണക്കാക്കിയ നഷ്ടവും അത്രതന്നെ. 1.20 കോടി രൂപ വിലയുള്ള ലാൻഡ്റോവർ ഡിഫൻഡർ വാഹനമാണ് ജോജുവിന്റേത്. പൊലീസ് കർശനനടപടി ആരംഭിച്ചതോടെ പ്രതിപ്പട്ടികയിലുള്ള കോൺഗ്രസ് നേതാക്കൾ, ചൊവ്വ രാവിലെമുതൽ മൊബൈൽഫോണും സ്വിച്ച് ഓഫാക്കി ഒളിവിലാണ്. ഒരാൾ അറസ്റ്റിലായി.
റോഡ് ഉപരോധം:
ഡിസിസി പ്രസിഡന്റ്
ഒന്നാംപ്രതി
വൈറ്റില ജങ്ഷനിൽ അനധികൃതമായി ദേശീയപാത ഉപരോധിച്ച് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തിയതിന് 15 കോൺഗ്രസ് നേതാക്കൾക്കും കണ്ടാലറിയാവുന്ന 50 കോൺഗ്രസ് പ്രവർത്തകർക്കുമെതിരെ മരട് പൊലീസ് കേസെടുത്തു. ജില്ലാ കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി.
ഉപരോധം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നിൽ സുരേഷ് എംപി, കെപിസിസി വൈസ് പ്രസിഡന്റ് വി ജെ പൗലോസ്, മുൻ എംഎൽഎ വി പി സജീന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മുൻ മേയർ ടോണി ചമ്മണി, മുൻ എംഎൽഎ ഡൊമിനിക് പ്രസന്റേഷൻ എന്നിവർ പ്രതികളാണ്.
സംഘർഷസ്ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. ഉപരോധത്തിന്റെ വീഡിയോ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അറസ്റ്റ് ഉടനെ ഉണ്ടാകും.