തിരുവനന്തപുരം
പെട്രോൾ ഡീസൽ നികുതി ഘടനയിൽ കേന്ദ്ര സർക്കാർ വരുത്തിയ പരിഷ്കാരം പിൻവലിക്കണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യത്തിലും ജനങ്ങളുടെ മേൽ അധികഭാരം ചുമത്തുന്നതിനെതിരെ ഒരുമിച്ച് നിൽക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഷാഫി പറമ്പിലിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മോദി സർക്കാർ ഏഴു വർഷത്തിനിടെ സെസും അഡീഷണൽ സ്പെഷ്യൽ ഡ്യൂട്ടി എന്ന പേരിലും പുതിയ നികുതികൾ കൊണ്ടുവന്നു. അവ ക്രമാതീതമായി വർധിപ്പിച്ചു. ക്രൂഡ് ഓയിൽ വില കുറഞ്ഞാലും പെട്രോൾ, ഡീസൽ വിലയിൽ ഇതുമൂലം കുറവ് വരുന്നില്ല.
സംസ്ഥാനങ്ങൾക്ക് പങ്കുവക്കേണ്ട അടിസ്ഥാന എക്സൈസ് നികുതി 2016ലെ 9.48 രൂപയിൽനിന്ന് 1.4 രൂപയിലെത്തിച്ചു. പങ്കുവക്കേണ്ടാത്ത സെസ്, അഡി. സെസ് ഇനങ്ങൾ ചുമത്തി 31.5 രൂപ കേന്ദ്രം പിരിച്ചെടുക്കുന്നു. ഡീസലിന്റെ സെസും ഇതേ അളവിൽ വർധിപ്പിച്ചു. ഇത് തുടങ്ങിവച്ചത് യുപിഎ സർക്കാരാണ്. അധിക വരുമാനം കേന്ദ്രത്തിനും വില വർധനയുടെ ഭാരം ജനങ്ങൾക്കും. കേരളത്തിൽ അഞ്ചു വർഷത്തിനിടെ നികുതി കൂട്ടിയില്ല. 2018ൽ കുറച്ചു. വി എസ് സർക്കാരിന്റെ കാലത്തും നികുതി കുറയ്ക്കുകയാണ് ചെയ്തത്. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് തുടങ്ങി സംസ്ഥാനങ്ങൾ നികുതി വർധിപ്പിച്ചപ്പോഴും കേരളം മാറിനിന്നു. യുപി, ഗോവ, ഹരിയാന, ഛത്തീസ്ഗഢ്, കർണാടകം തുടങ്ങി സംസ്ഥാനങ്ങളും നികുതി വർധിപ്പിച്ചു.