തിരുവനന്തപുരം
അടുത്ത അക്കാദമികവർഷംമുതൽ കായികവിദ്യാഭ്യാസം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. വിദ്യാഭ്യാസമന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തു. നിലവിൽ കൈറ്റ് വിക്ടേഴ്സ് ചാനലിൽ കായികവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സംപ്രേഷണം ചെയ്യുന്നുണ്ട്. പ്രീ-പ്രൈമറി ഉൾപ്പെടെയുള്ള ക്ലാസുകളിൽ കായികം പാഠ്യവിഷയമാക്കും.
കായികവകുപ്പിന്റെ സ്റ്റേഡിയങ്ങൾ മറ്റ് പ്രവർത്തനങ്ങൾക്ക് വിട്ടുനൽകില്ല. കായികേതര പരിപാടികൾക്ക് ട്രാക്കൊഴിച്ചുള്ള സ്ഥലം അനുവദിക്കാൻ 21 ദിവസംമുമ്പ് അപേക്ഷിക്കണം. സിന്തറ്റിക് പ്രതലം, ടർഫ് എന്നിവ നശിക്കപ്പെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും.എല്ലാ പഞ്ചായത്തിലും ഒരു കളിക്കളം പദ്ധതി സജീവ പരിഗണനയിലാണ്. ഈ സാമ്പത്തികവർഷം 60 കളിസ്ഥലം പൂർത്തിയാകും. സ്വന്തം ഭൂമിയില്ലാത്ത തദ്ദേശസ്ഥാപനത്തിൽ സർക്കാർ സ്കൂളുകളുടെയോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ ഗ്രൗണ്ടിൽ കളിക്കളം നിർമിക്കുന്നത് പരിഗണനയിലാണ്.
സ്പോർട്സ് ഹോസ്റ്റലുകളിൽ കഴിവുള്ള കുട്ടികൾക്കുമാത്രമാണ് പ്രവേശനം നൽകിയത്. ഭാവിയിൽ സ്പോർട്സ് കൗൺസിൽ വഴി ഓൺലൈനായി മാത്രമാകും താരങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകുക. പരിശീലനത്തിന് സ്വകാര്യസ്ഥാപനങ്ങളുമായി ചേർന്ന് പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു.