തിരുവനന്തപുരം
കെഎസ്ആർടിസി കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിന്റെ നിർമാണ തകരാർ വിലയിരുത്താൻ സാങ്കേതിക വിദഗ്ധരുടെ സമിതി രൂപീകരിച്ചെന്ന് മന്ത്രി ആന്റണി രാജു നിയമസഭയെ അറിയിച്ചു.
അഞ്ചംഗ സമിതി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും. കെട്ടിടത്തിന്റെ തകരാറിന് കാരണക്കാരായ കരാറുകാരുടെയും ആർക്കിടെക്ടിന്റെയും പേരിൽ നിയമനടപടി ആരംഭിക്കും. പുനരുദ്ധാരണത്തിന് വേണ്ടിവരുന്ന തുക ഇവരിൽനിന്ന് ഈടാക്കും. ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ അച്ചടക്ക നടപടി എടുക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തകരാർ ഇല്ലാതാക്കി ശക്തിപ്പെടുത്താൻ ലിമിറ്റഡ് ടെൻഡറിലൂടെ കരാറുകാരെ നിയമിച്ച് അംഗീകാരം നേടണം. ഐഐടി മദ്രാസിന്റെ റിപ്പോർട്ടിലെ നിരീക്ഷണങ്ങൾ വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥന് നൽകുമെന്നും മന്ത്രി പറഞ്ഞു.