അബുദാബി
ട്വന്റി 20 ലോകകപ്പിൽ പ്രതീക്ഷകൾ മങ്ങിയ ഇന്ത്യ മൂന്നാംമത്സരത്തിൽ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടുന്നു. ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് ഇന്ന് വമ്പൻ വിജയംമാത്രമാണ് ലക്ഷ്യം. അഫ്ഗാൻ രണ്ട് കളി ജയിച്ചു.
ഗ്രൂപ്പ് രണ്ടിൽ അഞ്ചാമതാണ് വിരാട് കോഹ്ലിയും സംഘവും. പാകിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാൻ, സ്കോട്ലൻഡ് ടീമുകൾ മുന്നിലുണ്ട്. ആദ്യ രണ്ട് സ്ഥാനക്കാർക്ക് സെമി യോഗ്യത. ഇന്ത്യക്ക് ആദ്യ രണ്ടിലെത്തണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ന്യൂസിലൻഡ് സ്കോട്ലൻഡുമായി കളിക്കും.
നാണയഭാഗ്യം രണ്ട് തവണയും കോഹ്ലിക്കുണ്ടായിരുന്നില്ല. യുഎഇയിലെ പിച്ചുകളിൽ രണ്ടാമത് പന്തെറിയുക എന്നത് ദുഷ്കരമായതിനാൽ ടോസ് നിർണായകമാണ്. പാകിസ്ഥാനോടും ന്യൂസിലൻഡിനോടുമുള്ള തോൽവികളിൽ ടോസും ഒരു ഘടകമായിരുന്നു. ബാറ്റർമാർ മാനസികമായി തളർന്നു. മഞ്ഞുവീഴ്ച കാരണം ബൗളർമാർക്ക് താളംകിട്ടിയതുമില്ല.
അബുദാബിയിലാണ് ഇന്ന് കളി. ആദ്യ രണ്ട് കളിയും ദുബായിലായിരുന്നു.നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ കഴിയുന്ന സംഘമാണ് അഫ്ഗാന്റേത്. നമീബിയയെയും സ്കോട്ലൻഡിനെയും തകർത്ത അഫ്ഗാൻ സംഘം പാകിസ്ഥാനെ വിറപ്പിച്ചശേഷമാണ് കീഴടങ്ങിയത്.
വൻ വ്യത്യാസത്തിൽ അഫ്ഗാനെ കീഴടക്കിയാൽമാത്രമാണ് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നിലനിർത്താനാകൂ. അടുത്ത മത്സരത്തിൽ അഫ്ഗാൻ ന്യൂസിലൻഡിനെ കീഴടക്കുകയും വേണം.
അഫ്ഗാന്റെ സ്പിൻനിര തലവേദനയുണ്ടാക്കും. മുജീബ് റഹ്മാനും റഷീദ് ഖാനും ഉൾപ്പെട്ട സ്പിൻസഖ്യം ഇന്ത്യൻ ബാറ്റർമാർക്ക് ഭീഷണിയാണ്. ന്യൂസിലൻഡിനെതിരെ സ്പിന്നർമാരായ ഇഷ് സോധിക്കും മിച്ചെൽ സാന്റ്നെർക്കും മുന്നിൽ ഇന്ത്യൻതാരങ്ങൾക്ക് ഉത്തരമുണ്ടായില്ല. കിവികൾക്കെതിരായ പരീക്ഷണം ആവർത്തിക്കാനിടയില്ല. രോഹിത് ശർമ ഓപ്പണിങ് സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. അതേസമയം, ലോകേഷ് രാഹുലിനെ പിന്നിലേക്ക് മാറ്റിയേക്കും. രോഹിതും ഇഷാൻ കിഷനും ഇന്നിങ്സ് തുടങ്ങാനാണ് സാധ്യത. കോഹ്ലി മൂന്നാമതും രാഹുൽ നാലാമതും ഇറങ്ങിയേക്കും.
സൂര്യകുമാർ യാദവിന്റെ പരിക്ക് മാറിയിട്ടില്ല. ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യ തുടരും. ബൗളിങ്നിരയിലും മാറ്റമുണ്ടാകില്ല. അഫ്ഗാൻനിരയിൽ മുൻ ക്യാപ്റ്റൻ അസ്ഗർ അഫ്ഗാൻ വിരമിച്ച ഒഴിവിൽ ഹഷ്മത്തുള്ള ഷാഹിദിയോ ഉസ്മാൻ ഗനിയോ ഇറങ്ങിയേക്കും. ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ഹമീദ് ഹസനാണ് അഫ്ഗാൻനിരയിലെ അപകടകാരി. നമീബിയക്കെതിരെ മൂന്ന് വിക്കറ്റാണ് ഹമീദ് നേടിയത്. മൂന്നുതവണയും ടോസ് കിട്ടിയ ക്യാപ്റ്റൻ മുഹമ്മദ് നബി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അബുദാബിയിൽ എട്ട് മത്സരത്തിൽ ആറിലും രണ്ടാമത് ബാറ്റ് ചെയ്ത ടീം ജയിച്ചു.
ഇന്ത്യ–- രോഹിത് ശർമ, ഇഷാൻ കിഷൻ, വിരാട് കോഹ്ലി, ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശർദുൾ താക്കൂർ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.
അഫ്ഗാനിസ്ഥാൻ–- ഹസ്റത്തുള്ള സസായി, മുഹമ്മദ് ഷഹ്സാദ്, റഹ്മത്തുള്ള ഗുർബാസ്, ഹഷ്മത്തുള്ള ഷാഹിദി/ ഉസ്മാൻ ഗനി, മുഹമ്മദ് നബി, നജീബുള്ള സദ്രാൻ, ഗുൽബദീൻ നയ്ബ്, റഷീദ് ഖാൻ, കരീം ജാനത്/ മുജീബ് ഉർ റഹ്മാൻ, നവീൻ ഉൾ ഹഖ്, ഹമീദ് ഹസൻ.
ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ ഉടൻ പ്രഖ്യാപിക്കും
നയിക്കാൻ രോഹിത്
ഇന്ത്യയുടെ ട്വന്റി–-20 ടീം ക്യാപ്റ്റനെ ഉടൻ തീരുമാനിക്കും. രണ്ടുദിവസത്തിനുള്ളിൽ സെലക്ഷൻ സമിതി യോഗം ചേരുന്നുണ്ട്. ന്യൂസിലൻഡിനെതിരായ പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാനാണ് യോഗം.
ക്യാപ്റ്റൻസ്ഥാനം ഒഴിയുമെന്ന് ലോകകപ്പിനുമുമ്പുതന്നെ വിരാട് കോഹ്ലി പ്രഖ്യാപിച്ചിരുന്നു. ടീമിന്റെ ഉപനായകനായ രോഹിത് ശർമയായിരിക്കും അടുത്ത ക്യാപ്റ്റൻ. എന്നാൽ, കിവീസുമായുള്ള പരമ്പരയിൽ മുതിർന്ന താരങ്ങൾക്ക് ബിസിസിഐ വിശ്രമം അനുവദിക്കാനിടയുണ്ട്. ഏപ്രിൽതൊട്ട് ഇന്ത്യൻ താരങ്ങൾ മത്സരങ്ങളുടെ ചൂടിലാണ്. ഐപിഎൽ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ, ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര, വീണ്ടും ഐപിഎൽ എന്നിവയ്ക്കുശേഷമാണ് കളിക്കാർ ലോകകപ്പിനെത്തിയത്.
ന്യൂസിലൻഡിനെതിരായ പരമ്പര ഈമാസം 17ന് തുടങ്ങും. മൂന്ന് ട്വന്റി–-20യും രണ്ട് ടെസ്റ്റുമാണ് പരമ്പരയിൽ. ഇന്ത്യയിലാണ് മത്സരങ്ങൾ.
സെലക്ഷൻ സമിതി തലവൻ ചേതൻ ശർമയും അംഗം എബി കുരുവിളയും ദുബായിലുണ്ട്. മറ്റുള്ളവർ നാട്ടിലും.
ലോകകപ്പിൽ കളിച്ച പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി പുതിയ നിരയെയായിരിക്കും പ്രഖ്യാപിക്കുക. 10നുമുമ്പ് ടീം പ്രഖ്യാപനമുണ്ടാകും.
റാത്തോഡ് വീണ്ടും അപേക്ഷ നൽകി
ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റിങ് പരിശീലകൻ വിക്രം റാത്തോഡ് വീണ്ടും അപേക്ഷ നൽകി. ലോകകപ്പോടെ റാത്തോഡിന്റെ രണ്ടുവർഷ കാലാവധി അവസാനിക്കുകയാണ്. ഈ അവസരത്തിലാണ് വീണ്ടും അപേക്ഷിച്ചത്. പുതിയ പരിശീലകനായി രാഹുൽ ദ്രാവിഡാണ് അപേക്ഷ നൽകിയിരിക്കുന്നത്. നിലവിലെ പരിശീലകൻ രവി ശാസ്ത്രി പുറത്തുപോകും. ദ്രാവിഡിന്റെ നിയമനം എപ്പോഴായിരിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടില്ല. ന്യൂസിലൻഡുമായുള്ള പരമ്പരയ്ക്കുമുമ്പ് ഔദ്യോഗികപ്രഖ്യാപനം ഉണ്ടായേക്കും.
ബി അരുണും ആർ ശ്രീധറുമാണ് ബൗളിങ്, ഫീൽഡിങ് പരിശീലകർ. ഇവരും ശാസ്ത്രിക്കൊപ്പം മടങ്ങും. ബൗളിങ് പരിശീലകസ്ഥാനത്തേക്ക് പരസ് മാംബ്രെയ്ക്കാണ് സാധ്യത. ഫീൽഡിങ് പരിശീലകസ്ഥാനത്തേക്ക് രണ്ടുപേർ അപേക്ഷ നൽകി. മുൻ വിക്കറ്റ് കീപ്പർ അജയ് രത്രയും ദ്രാവിഡിന്റെകൂടെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുണ്ടായിരുന്ന അഭയ് ശർമയും.