ഗ്ലാസ്ഗോ
രണ്ടായിരത്തിമുപ്പതോടെ വനനശീകരണം ഇല്ലാതാക്കി വനവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പ്രതിജ്ഞ ചെയ്ത് രാഷ്ട്രത്തലവന്മാര്. സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കളുടെ സമ്മേളനത്തിലാണ് പ്രഖ്യാപനം. എന്നാല്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടില്ല. ആമസോൺ മഴക്കാട് വെട്ടിത്തെളിക്കുന്ന ബ്രസീൽ സര്‍ക്കാര്‍ ഉള്‍പ്പെടെ നൂറിലധികം രാഷ്ട്രങ്ങള്‍ കരാറില്‍ ഒപ്പിട്ടു.
പദ്ധതി നടത്തിപ്പിനായി 14,000 കോടി രൂപ സമാഹരിക്കും. അന്തിമരൂപരേഖയില്‍ എതിര്‍പ്പുള്ളതിനാലാണ് ഇന്ത്യ ഔദ്യോഗികമായി കരാറിന്റെ ഭാഗമാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ 85 ശതമാനത്തിലധികം വരുന്ന വനമേഖല ഉള്‍ക്കൊള്ളുന്ന റഷ്യ, ചൈന, ക്യാനഡ, ബ്രസീൽ, ഇന്തോനേഷ്യ, കോംഗോ, അമേരിക്ക, ബ്രിട്ടന് എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങള്‍ കരാറില്‍ ഒപ്പിട്ടു. പാമോയിൽ, സോയ, കൊക്കോ പോലെെയുള്ളവ കൃഷി ചെയ്യുന്നതിന് വ്യാപകമായി വനനശീകരണം നടത്തുന്നത് ഒഴിവാക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത 28 രാജ്യങ്ങള്‍ പ്രത്യേക ധാരണയിലെത്തി. വനനശീകരണത്തിന് വഴിവയ്ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം അവസാനിപ്പിക്കാന്‍ അവിവ, ഷ്രോഡേഴ്സ്, ആക്സ ഉൾപ്പെടെ 30 സുപ്രധാന കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ചു.ലോകത്തിന്റെ രണ്ടാം ശ്വാസകോശം എന്നറിയപ്പെടുന്ന കോംഗോ ബേസിന് സംരക്ഷിക്കുന്നതിനായി 82,000 കോടി രൂപ വിനിയോഗിക്കാനും തീരുമാനമായി.
കരാര്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പ്രവര്‍ത്തനങ്ങളുടെ നാഴികക്കല്ലായിരിക്കുമെന്ന് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. കാലാവസ്ഥാ വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും നീക്കത്തെ സ്വാഗതം ചെയ്തു. വനനശീകരണം കുറയ്ക്കുമെന്ന 2014-ലെ കാലാവസ്ഥാ ഉച്ചകോടിയിലെ തീരുമാനമടക്കം നടപ്പാക്കിയിട്ടില്ലെന്ന് അവര്‍ മുന്നറിയിപ്പ് നല്കി.
പ്രതിഷേധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍
കാലാവസ്ഥ ഉച്ചകോടി പ്രഹസനമായെന്ന് ആരോപിച്ച് സമ്മേളനവേദിക്കു സമീപം പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. ഉച്ചകോടി നടക്കുന്നിടത്തുനിന്ന് ക്ലൈഡ് നദിയുടെ എതിർകരയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ നിരവധി രാജ്യങ്ങളിൽനിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഉച്ചകോടിയില്‍ പങ്കെടുക്കുന്ന നേതാക്കളും ഉദ്യോഗസ്ഥരും ലോകത്തിന്റെ ഭാവിയെ ഗൗരവമായി കാണുന്നതായി അഭിനയിക്കുകയാണെന്ന് യുവ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ ത്യൂണ്ബർഗ് പറഞ്ഞു. ഇതുവരെ നടത്തിയതുപോലെ നേതാക്കള്‍ ഇനിയും വാചകമടിക്കേണ്ടതില്ലെന്നും ഗ്രെറ്റ പറഞ്ഞു. ആഗോളതാപനത്തിന്റെ ദുരിതം അനുഭവിക്കുന്നവര്‍ക്കു മുന്നില്‍ ലോകശക്തികള്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെന്ന് കെനിയന്‍ കാലാവസ്ഥാ പ്രവര്‍ത്തക എലിസബത്ത് വാതുറ്റി പറഞ്ഞു.
കാലാവസ്ഥാവ്യതിയാനം തടയുന്നതിനുള്ള യുഎന്‍ കരാറില്‍ ഒപ്പുവച്ച 196 രാജ്യത്തിന്റെ 26––ാമത് ആഗോള ഉച്ചകോടിയാണ് ഗ്ലാസ്ഗോയില്‍ നടക്കുന്നത്. ഒക്ടോബര്‍ 31ന് ആരംഭിച്ച ഉച്ചകോടി ഈ മാസം 12-ന് സമാപിക്കും.