ന്യൂഡൽഹി
രാജ്യത്ത് ഏറ്റവും ഉയർന്ന പെട്രോൾ- ഡീസൽ വില കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ. ഒരു ലിറ്റർ പെട്രോളിന് രാജസ്ഥാനിലെ ഗംഗാനഗറിൽ 122.59 രൂപയാണ്. ഡീസലിന് 113.11 രൂപയും. ഹനുമാൻഗഢിൽ പെട്രോൾ–- ഡീസൽ വില യഥാക്രമം 121.88ഉം 112.46 രൂപയുമാണ്. ജയ്സാൽമീർ, ബിക്കാനീർ, ബാർമെർ ജില്ലകളിലും പെട്രോളിന് 120 രൂപയ്ക്കും ഡീസൽ 111 രൂപയ്ക്കും മുകളിലെത്തി. തലസ്ഥാനമായ ജയ്പുരിൽ പെട്രോളിന് 117.45ഉം ഡീസലിന് 108.39 രൂപയുമുണ്ട്. പെട്രോൾ–- ഡീസൽ വിലയുടെ കാര്യത്തിൽ ബിജെപി ഭരിക്കുന്ന മധ്യപ്രദേശും രാജസ്ഥാനോട് കിടപിടിക്കും. മധ്യപ്രദേശിലെ ഷാദോളിൽ പെട്രോളിന് 121.86 രൂപ. ഡീസലിന് 110.7 രൂപയും. റെവയിൽ പെട്രോൾ–- ഡീസൽ വില 121.54ഉം 110.41ഉം ആണ്. ബാലഘട്ടിൽ 121.55ഉം 110.42ഉം അന്നുപ്പുരിൽ 121.44ഉം 110.32ഉം ആണ് യഥാക്രമം പെട്രോൾ–- ഡീസൽ വില.
രാജസ്ഥാനും മധ്യപ്രദേശിനും തൊട്ടുപിന്നിൽ കോൺഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയുണ്ട്. പർഭാനി ജില്ലയിൽ പെട്രോളിന് 118.95 രൂപയും ഡീസലിന് 107.96 രൂപയുമാണ്. നാന്ദെദിൽ പെട്രോളിന് 118.17ഉം ഡീസലിന് 107.22 രൂപയുമാണ് വില. തലസ്ഥാനമായ മുംബൈയിൽ പെട്രോളിന് 115.85 രൂപയും ഡീസലിന് 106.62 രൂപയും കൊടുക്കണം. കോൺഗ്രസ് ഭരണത്തിലുള്ള ഛത്തീസ്ഗഢിലും ഡീസൽവില 110 കടന്നു. ബിജാപ്പുരിലാകട്ടെ 110.9 രൂപയാണ്. ദണ്ഡേവാഡയിൽ 110.65ഉം സുക്മയിൽ 110.27 രൂപയുമായി.