തിരുവനന്തപുരം
ക്ഷീര സഹകരണ മേഖലയിൽ ഘടനാപരമായ മാറ്റം നിർദേശിക്കുന്ന 2021ലെ കേരള സഹകരണസംഘ (രണ്ടാം ഭേദഗതി) ബിൽ നിയമസഭ ഏകകണ്ഠമായി പാസാക്കി.
യഥാർഥ ക്ഷീരകർഷകർക്ക് സംഘങ്ങളിൽ സ്ഥിരാംഗത്വം ഉറപ്പാക്കുന്നതാണ് പ്രധാന ഭേദഗതി. വർഷം 120 ദിവസം കുറഞ്ഞത് 90 ലിറ്റർ പാലെങ്കിലും അളക്കുന്നവർക്കേ സ്ഥിരാംഗത്വമുണ്ടാകൂ. 180 ദിവസം കുറഞ്ഞത് 500 ലിറ്റർ പാലെങ്കിലും അളക്കുന്നവരായിരിക്കണം ഭരണസമിതിയിലേക്കും മേഖലാ യൂണിയനിലേക്കും തെരഞ്ഞെടുക്കപ്പെടുക. അംഗത്വത്തിന് സ്വന്തമായി കറവയുള്ള പശുവോ എരുമയോ ഉണ്ടായിരിക്കണം. പാൽ സൊസൈറ്റിയിൽ നൽകണം. സംഘത്തിൽ മൂന്ന് തവണയിൽ കൂടുതൽ പ്രസിഡന്റാകാനാകില്ല. മേഖലാ യൂണിയനിൽ രണ്ട് തവണയിൽ കൂടുതലും ഭാരവാഹിത്വം പറ്റില്ല. പ്രസിഡന്റ് അല്ലെങ്കിൽ വൈസ് പ്രസിഡന്റ് വനിതാ പ്രതിനിധിയാകണം.
മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള നിയമ ഭേദഗതി നിർദേശവും ബില്ലിന്റെ ഭാഗമാണ്. കേരള ബാങ്കിന്റെ സേവനം മലപ്പുറത്തിനും ലഭ്യമാക്കുകയാണ് ഭേദഗതിയിലൂടെ സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു.