തിരുവനന്തപുരം: മോദി സർക്കാർ കക്കാനിറങ്ങുമ്പോൾ ഫ്യൂസ് ഊരിക്കൊടുക്കുന്ന നടപടിയാണ് കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് ഷാഫി പറമ്പിൽ നിയമസഭയിൽ. ഇന്ധനവിലവർധനവിന് കാരണം കമ്പനികൾക്ക് വിലനിർണയാധികാരം നൽകിയതല്ലെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുകളുടെ നികുതിഭീകരതയാണെന്നും ഷാഫി പറഞ്ഞു. ഇന്ധനവിലവർധനവുമായി ബന്ധപ്പെട്ട് സാധാരണക്കാർ നേരിടുന്ന പ്രതിസന്ധി ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകി സംസാരിക്കുകയായിരുന്നു ഷാഫി പമ്പിൽ.
ജനരോഷത്തിൽനിന്ന് സംഘപരിവാർ സർക്കാരിനെ രക്ഷിക്കാനുള്ള ക്വട്ടേഷൻ കേരളത്തിലെ ഇടതുപക്ഷം എടുക്കരുതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 2014ൽ 34 ശതമാനമായിരുന്നു നികുതി കൊടുക്കേണ്ടിവന്നിരുന്നതെങ്കിൽ ഇപ്പോൾ അറുപത് ശതമാനം നികുതിയാണ്. 36 ശതമാനം മാത്രമാണ് എണ്ണയുടെ അടിസ്ഥാന വില. ജനങ്ങൾ ഇത്രയും വലിയ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യാൻ തയ്യാറാകാതിരിക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. ഉമ്മൻചാണ്ടി കേരളം ഭരിച്ചിരുന്നപ്പോൾ അധിക നികുതി വരുമാനം വേണ്ടെന്നുവെച്ച് ജനങ്ങൾക്ക് ആശ്വാസമാകേൻ ശ്രമിച്ചതിന്റെ ഉദാഹരണം മുന്നിലുണ്ട്.
എണ്ണയുടെ വിലനിയന്ത്രണം എടുത്തുകളഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം എന്ന ആരോപണം നിലനിൽക്കുന്നതല്ല. നരേന്ദ്ര മോദി സർക്കാരാണ് അത് ചെയ്തത്. നവംബർ ഒന്നിന് 110 രൂപ പെട്രോളിന് കൊടുക്കുമ്പോൾ അടിസ്ഥാന വില 47. 29 രൂപയാണ്. അതിനർഥം എണ്ണ വിലയല്ല വിലക്കയറ്റത്തിന് കാരണം എന്നാണ്. ഇത് നകുതി ഭീകരതയാണ്. നികുതി തീരുമാനിക്കുന്നത് കമ്പനികളല്ല, സർക്കാരുകളാണ്. അത് മറന്നിട്ട് വ്യാജ പ്രചാരണം നടത്തുന്നത് നരേന്ദ്ര മോദി സർക്കാരിനെതിരായ ജനരോഷം തിരിച്ചുവിടാനുള്ള ക്വട്ടേഷൻ ആകുമെന്ന മിനിമം രാഷ്ട്രീയ ബോധം കാണിക്കണം.
നാലു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഇന്ധന വിലവർധന നിലച്ചു. കമ്പനികളല്ല, സർക്കാരാണ് വിലവർധിപ്പിക്കുന്നത്. വിലവർധനയുടെ ഒന്നാം പ്രതി രാജ്യം ഭരിക്കുന്ന സർക്കാർ തന്നെയാണ്. രാജ്യമെന്നാൽ മോദിയും ഷായുമല്ലെന്ന് മനസ്സിലാക്കണം. ലോകത്ത് മറ്റൊരു രാജ്യത്തും ഇന്ത്യയിലേപ്പോലെ വിലവർധനയില്ല. നിരവധി രാജ്യങ്ങളിലെ എണ്ണവിലയും ഷാഫി സഭയിൽ വായിച്ചു.
Content Highlights:Shafi parambil speech fuel price hike in niyamasabha