കൊച്ചി: നടൻ ജോജു ജോർജിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ. കോൺഗ്രസ് വനിതാപ്രവർത്തകർ നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പില്ലെന്നും ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ നടപടിയുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
വനിതാ പ്രവർത്തകർ നൽകിയ പരാതി പ്രഥമദൃഷ്ട്യാ സത്യമല്ലെന്നാണ് മനസിലാകുന്നത്. കോൺഗ്രസ് വനിതാ പ്രവർത്തകർ നൽകിയ പരാതിയുടെ സത്യാവസ്ഥ അന്വേഷിക്കുകയാണ്. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമേ അതിന് നിയമനടപടികളിലേക്ക് പോവുകയുള്ളൂവെന്നും കമ്മിഷണർ പറഞ്ഞു.
ഇന്ധന വിലവർധനക്കെതിരേ കോൺഗ്രസ് നടത്തിയ വഴി തടയിൽ സമരത്തിനിടെ വനിതാ കോൺഗ്രസ് പ്രവർത്തകർക്ക് നേരെ നടൻ ജോജു ജോർജ് കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് വ്യക്തമാക്കി വനിതാ പ്രവർത്തകർ മരട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധ സ്ഥലത്തുണ്ടായിരുന്നു. അതിനാൽ തന്നെ അവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിന് ശേഷമാണ് മരട് പോലീസ് നടപടികളിലേക്ക് കടന്നത്.
വനിത പ്രവർത്തകരെ കൈയേറ്റം ചെയ്യുകയോ അസഭ്യം പറയുകയോ ചെയ്യുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും സംഭവ സ്ഥലത്തെ ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമേ കേസിൽ നടപടിയുണ്ടാവുകയുള്ളൂവെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
Content Highlights:Complaint of women Congress activists against Jojo is not valid, says Commissioner