തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ കഴിഞ്ഞ ദിവസം കോൺഗ്രസ് എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയെ ചോദ്യം ചെയ്ത നടൻ ജോജുവിനെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി. ജനാധിപത്യപരമായസമരം ചെയ്യാനുള്ള കോൺഗ്രസിൻറെ അവകാശംചോദ്യംചെയ്യാനാകില്ലെന്നും എന്നാൽ അതിനെ ജനാധിപത്യപരമായ രീതിയിൽ ചോദ്യംചെയ്ത നടനോട് കോൺഗ്രസ് സ്വീകരിച്ച നിലപാട് ശരിയല്ലെന്നുംമന്ത്രി വിമർശിച്ചു. ജോജു ജോർജിനെതിരെ അവർ കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ല. ജോജുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കാൻ കോൺഗ്രസ് തയ്യാറായില്ല എന്ന് മാത്രമല്ല കായികമായി നേരിടാനാണ് അവർ ശ്രമിച്ചതെന്നുംമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മന്ത്രി വി.ശിവൻകുട്ടിയുടെ പോസ്റ്റിന്റെ പൂർണ രൂപം
ജനാധിപത്യത്തിൽ പ്രക്ഷോഭങ്ങൾക്ക് മുഖ്യമായ സ്ഥാനം ഉണ്ട്. വലിയ പ്രക്ഷോഭങ്ങളിലൂടെയാണ് അടിസ്ഥാന വർഗം അവകാശങ്ങൾ നേടിയെടുത്തത്. കോൺഗ്രസിന്റെ പ്രതിഷേധിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ അതിനെ ജനാധിപത്യപരമായി ചോദ്യം ചെയ്ത സിനിമാതാരം ജോജു ജോർജിനെതിരെ അവർ കൈക്കൊണ്ട നിലപാട് ഒരു സ്വതന്ത്ര രാഷ്ട്രീയ കക്ഷിക്ക് ചേർന്നതല്ല.
ജോജുവിന് അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കാൻ കോൺഗ്രസ് തയ്യാറായില്ല എന്ന് മാത്രമല്ല കായികമായി നേരിടാനാണ് അവർ ശ്രമിച്ചത്. ജോജുവിന്റെ കാറും കേടുവരുത്തി. ജോജു മദ്യപിച്ചിട്ടുണ്ട് എന്നടക്കമുള്ള നുണകൾ ഉന്നയിക്കാനും കോൺഗ്രസ് തയ്യാറായി. ഗുണ്ട എന്നാണ് കെ പി സി സി അധ്യക്ഷൻ ജോജുവിനെ വിശേഷിപ്പിച്ചത്.
കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയിൽ നടന്ന സംഭവങ്ങൾ. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ഉൾക്കാമ്പ്.
Content Highlights: minister v sivankutty backs actor joju george in protest against congress