തിരുവനന്തപുരം > രണ്ടാം യുപിഎ സർക്കാർ തുടക്കം കുറിച്ച സാമ്പത്തികനയവും ആ നയം വളരെ വേഗത്തിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന എൻഡിഎ സർക്കാരുമാണ് പാചകവാതക വിലവർധനവിന്റെ കാരണക്കാരെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി എൽപിജി സിലിണ്ടറുകളുടെ വില കുറയ്ക്കണമെന്നും സബ്സിഡി പുനഃസ്ഥാപിക്കണമെന്നും കേന്ദ്രത്തിനോട് ആവശ്യപ്പെട്ടുകൊണ്ട് കത്തയച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ ഈ തലതിരിഞ്ഞ നയത്തിനെതിരെ ഭരണ പ്രതിപക്ഷവ്യത്യാസമില്ലാതെ പ്രതിഷേധം ഉയർത്തേണ്ട സാഹചര്യമാണ് മുന്നിലുള്ളതെന്നും മന്ത്രി പറഞ്ഞു. കെ വി സുമേഷ് എംഎൽഎയുടെ ശ്രദ്ധക്ഷണിക്കൽ നോട്ടീസിനുള്ള മറുപടി നൽകുകയായിരുന്നു മന്ത്രി.
2013 വരെ സബ്സിഡി നിരക്കിൽ പാചകവാതക സിലിണ്ടർ നൽകുന്ന രീതിയാണ് നിലനിന്നിരുന്നത്. എന്നാൽ 2013 ൽ രണ്ടാം യുപിഎ സർക്കാർ ഈ രീതിഅവസാനിപ്പിക്കുകയും ഡിബിഡി സ്കീം നടപ്പിലാക്കുകയുംചെയ്തു. അതായത് ഉപഭോക്താക്കൾ മാർക്കറ്റ് വില നൽകി സിലിണ്ടർ വാങ്ങുകയും അതിന്റെ സബ്സിഡി അവർക്ക് ബാങ്ക് അക്കൗണ്ടിൽ നൽകുന്നരീതി കൊണ്ടുവന്നു. അതിനോടൊപ്പം തന്നെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണവും കുറച്ചു. ഈ തീരുമാനം ഭാവിയിൽ സബ്സിഡി എന്നേക്കുമായി ഇല്ലാതാക്കുമെന്ന അപകടം ഇടതുപക്ഷം അന്നേ ചൂണ്ടികാണിച്ചിരുന്നു.
2019 – 20 സാമ്പത്തിക വർഷത്തിൽ 35,605 കോടിരൂപയാണ് പാചക വാതക സബ്സിഡിക്കായി നീക്കി വെച്ചത്. 2020 – 21 വർഷത്തിൽ സബ്സിഡിക്കായി നീക്കി വെച്ച തുക 25,520 കോടിയായി കുറഞ്ഞു. 2021 – 22 കേന്ദ്ര ബഡ്ജറ്റിൽ പാചകവാതകത്തിൻറെ സബ്സിഡിക്ക് വേണ്ടി വെറും 12,480 കോടി രൂപ മാത്രമാണ് കേന്ദ്ര ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്. എന്നാല് രണ്ടാം എൻഡിഎ സർക്കാരിന്റെ തുടക്കത്തിൽ 2020 മേയ് മുതൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കുള്ള സബ്സിഡിയുടെ വരവ് നിലച്ചു.
ഒന്നാം മോഡി സർക്കാരിന്റെ കാലം മുതൽ പടിപടിയായി പാചക വാതക വില വർധിപ്പിച്ചു. കോവിഡ് മഹാമാരി രൂക്ഷമായിരുന്ന കാലഘട്ടത്തിൽ ഈ വിലവർധന രൂക്ഷമായി. 2020 മെയ്മാസം 581 രൂപ മാത്രം വിലയുണ്ടായിരുന്ന 14.2 കിലോ സിലിണ്ടറിന് 2021 ഒക്ടോബര് മാസവസാനം 940.5 രൂപയായി. അതായത് ഈ കാലയളവില് 61 ശതമാനത്തിന്റെ വർധനവുണ്ടായി.
അന്താരാഷ്ട്ര മാർക്കറ്റിലെ, പ്രത്യേകിച്ചും സൗദി ആരംകോയുടെ വിലക്കനുസൃതമാണ് പാചകവാതക വില എന്നായിരുന്നു കേന്ദ്ര സർക്കാർ പറഞ്ഞുവെച്ചിരുന്നത്. ഇതനുസരിച്ച് നോക്കിയാൽ 2014 – 15 സാമ്പത്തിക വർഷത്തിൽ ഒരു മെട്രിക് ടൺ എൽപിജിയുടെ അന്താരാഷ്ട്ര വില 880 ഡോളർ ആയിരുന്നത് 2016 – 17 ൽ 394 ഡോളർ ആയും 2021 – 22 സാമ്പത്തിക വർഷത്തിൽ 382 ഡോളർ ആയും കുറഞ്ഞു. അതേസമയം ഗാർഹിക പാചകവാതകത്തിന്റെ വില 2014 – 15 ഇൽ 432 രൂപയായും 2016 – 17 ഇൽ 476 ആയും 2021 – 22 ഇൽ 900 രൂപയായും വർധിക്കുകയാണ് ഉണ്ടായത്. വില കൂടാനുള്ള പ്രധാന കാരണം പാചക വാതകത്തിന്റെ സബ്സിഡി എടുത്തു കളഞ്ഞതാണ്.
കൊട്ടിഘോഷിച്ച് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കുറഞ്ഞ നിരക്കിൽ പാവപ്പെട്ടവർക്ക് പാചക വാതകം നൽകുന്ന പ്രധാൻമന്ത്രി ഉജ്ജ്വൽ യോജനയുടെ ഗുണഭോക്താക്കളായ പാവങ്ങൾ ആദ്യ തവണ സിലിണ്ടർ വാങ്ങിയ ശേഷം ഉയർന്ന വില കാരണം പാചക വാതകം ഉപയോഗിക്കുന്നത് അവസാനിപ്പിച്ചുവെന്ന് 2019 ലെ സിഎജി തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചരക്കുസേവന നികുതി നിയമം നിലവിൽ വരുന്നതിനു മുൻപ് പാചകവാതകത്തിന്റെ മൂല്യവർധിത നികുതി 5% ആയിരുന്നു. ചരക്കുസേവന നികുതി നിയമം നിലവിൽ വന്നപ്പോൾ നികുതി 5% ആയി നിലനിർത്തിയെങ്കിലും ഇതിൽ 2.5% കേന്ദ്രത്തിന് അവകാശപ്പെട്ടതാക്കി മാറ്റി. അതായത് സംസ്ഥാനങ്ങൾക്ക് കേന്ദ്രവുമായി നികുതി പങ്കെടുക്കുന്നതിലൂടെ 2.5 ശതമാനം നികുതി നഷ്ടം ഉണ്ടായി. നികുതിനിരക്ക് ജിഎസ്ടി നടപ്പിലാക്കുന്നതിന് മുന്പും ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നതിനാൽ പാചകവാതകത്തിന്റെ വിലക്കയറ്റത്തിന് നികുതി നിരക്കുമായി ബന്ധമില്ല എന്ന് കാണാവുന്നതാണ്. വൻതോതിൽ മണ്ണെണ്ണയുടെ വിഹിതം കേന്ദ്രം വെട്ടികുറച്ചതിലൂടെ കോവിഡ് മൂലമുള്ള സാമ്പത്തികപ്രതിസന്ധിയിൽ നട്ടംതിരിയുന്ന സാധരണക്കാർ എകദേശം 900 നിരക്കിലുള്ള എൽപിജി സിലിണ്ടർ വാങ്ങാൻ നിർബന്ധിതമായിരിക്കുകയാണ്. ഇത് സ്ഥിതി രൂക്ഷമാക്കുകയാണെന്നും മന്ത്രി പറഞ്ഞു.