കുന്നംകുളം: ഓർത്തഡോക്സ് സഭയുടെ മേൽപ്പട്ടക്കാർ അടയാളമായി ധരിക്കുന്ന മത്തങ്ങാമുടി നിർമിക്കുന്ന വൈദികനുണ്ട് കുന്നംകുളത്ത്. കാലം ചെയ്ത പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമേനിയാണ് മത്തങ്ങാമുടിയുണ്ടാക്കാൻ ആദ്യം ആവശ്യപ്പെട്ടത്. ശീലമില്ലാത്ത പണിയായതിനാൽ ഒന്നു മടിച്ചു. സ്നേഹപൂർവ്വമായ നിർബന്ധം സമ്മതത്തിന് വഴിമാറി എന്നുപറയുന്നതാകും ശരി. നിർമിക്കുന്നത് പഠിക്കാൻ മാർഗമുണ്ടായിരുന്നില്ല. നിർമിക്കുന്നവർ പഠിപ്പിക്കാൻ താൽപ്പര്യപ്പെടാറില്ല എന്നതാണ് യാഥാർത്ഥ്യം. 130 എണ്ണം ചെയ്തുനോക്കി. ഒന്നും തൃപ്തിയായില്ല. 90 ശതമാനം തൃപ്തി നൽകിയ മുടി ബാവയെ കാണിച്ചു. പിന്നെ ബാവാ തിരുമേനിയുടെ പഴയ മുടി ചോദിച്ചു. ബാവയ്ക്ക് ഒറ്റ കണ്ടീഷനേ ഉണ്ടായിരുന്നുള്ളൂ. പൊളിക്കരുത്. ഒരു മാസത്തോളം മുടി തിരിച്ചും മറിച്ചും നോക്കിയിരുന്നു. 2010-ൽ വലിയ തെറ്റുകളില്ലാതെ നിർമിച്ച മുടി ബാവക്ക് സമ്മാനിച്ചു. ഇപ്പോൾ സഭയിലെ ഒട്ടേറെ മെത്രാപ്പോലീത്തമാർ മുടി നിർമിച്ചുനൽകാൻ ആവശ്യപ്പെടാറുണ്ട്. കുന്നംകുളം ഗാന്ധിജി നഗറിലെ വീട്ടിലിരുന്ന് സീനിയർ വൈദികനായ ഫാ. പീറ്റർ കാക്കശ്ശേരി ഓർത്തഡോക്സ് സഭയുടെ മേൽപ്പട്ടക്കാർ അടയാള ചിഹ്നമായി ധരിക്കുന്ന മത്തങ്ങാമുടി (കിരീടം) യുടെ ചുരുൾ നിവർത്തുകയാണ്.
വ്രതാനുഷ്ഠത്തോടെയാണ് ഓരോ മുടിയുടെയും നിർമാണം. കാഠിന്യം വരുത്താനും വിവിധ ഘട്ടങ്ങളിൽ തയ്ച്ചെടുക്കാനുമായി രണ്ടാഴ്ചയോളം സമയമെടുക്കും. 20 ഇഞ്ച് മുതലാണ് ഓരോരുത്തരുടെയും തലയുടെ അളവ്. ഇതിന് അനുസരിച്ച് മോൾഡുകൾ തയ്യാറാക്കണം. തയ്യൽ വേലകളിൽ സാമർഥ്യമുള്ള ഭാര്യ അനിതയും മക്കളായ അബുവും അപ്പുവുമാണ് സഹായികൾ. കാലം ചെയ്ത ബസ്സേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവയ്ക്കും ഇപ്പോഴത്തെ സഭയുടെ പരമാധ്യക്ഷനായ ബസ്സേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയ്ക്കും മുടി നൽകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫാ. പീറ്റർ കാക്കശ്ശേരി. സ്ഥാനാരോഹണത്തിന് ശേഷം കുന്നംകുളം ആർത്താറ്റ് അരമനയിലെ സ്വീകരണ ചടങ്ങിലാണ് കാതോലിക്ക ബാവയ്ക്ക് മുടി സമ്മാനിച്ചത്. ധരിച്ചിരുന്ന മുടി പൊതുവേദിയിൽ വെച്ച് മാറ്റി സമ്മാനമായി ലഭിച്ച മുടി കാതോലിക്ക ബാവ തലയിലണിഞ്ഞതാണ് ഏറെ സന്തോഷം നൽകിയതെന്ന് ഫാ. പീറ്റർ കാക്കശ്ശേരി പറഞ്ഞു. മുടി നിർമിച്ച് നൽകിയതിനെ പ്രശംസിച്ച് 2014-ൽ മാർതോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ നൽകിയ അനുഗ്രഹ പത്രം ഇപ്പോഴും നിധിയായി സൂക്ഷിച്ചിട്ടുണ്ട്. അനിതയുടെ കരവിരുതിൽ കാതോലിക്ക ബാവയുടെ ചിത്രം തുന്നിപൂർത്തിയാക്കുന്നതിന് മുമ്പാണ് വിടപറഞ്ഞതെന്ന ദുഖവും ഈ കുടുംബത്തിനുണ്ട്.
മുടി നിർമിക്കാനേറെ പണിയുണ്ട്
മത്തങ്ങമുടി കാണാൻ അഴകുണ്ടെങ്കിലും നിർമാണം വലിയ പ്രയാസമാണ്. താഴെ ഓവൽ ആകൃതി, നടുവിൽ വൃത്തം, മുകളിൽ സ്തൂപികാകൃതി, ഏറ്റവും മുകളിൽ അധികാരത്തെ സൂചിപ്പിക്കുന്ന മകുടം. 300-350 ഗ്രാം ഭാരമാണ് മുടിക്ക് നല്ലത്. ഉയരം കൂടിയാൽ തലയിൽ ധരിക്കുമ്പോൾ മുടി ചെരിയും. ഭാരമേറിയാൽ തലയിൽ വെയ്ക്കാൻ പ്രയാസമാകും. ഉയരവും ഭാരവും സന്തുലിതമാക്കുന്നതിൽ ഏറെ ശ്രദ്ധവേണം. കാർഡ്ബോർഡ്, ബക്കറം, സ്പോഞ്ച്, റിബ്ബൺ, പശക്കൂട്ട് തുടങ്ങിയവയാണ് പ്രധാന നിർമാണ വസ്തുക്കൾ. കനംകുറഞ്ഞ കാർഡ്ബോർഡിൽ ആദ്യം മാതൃക നിർമിക്കും. ബക്കറംവെച്ച് ഒട്ടിച്ച് പശയിട്ട് മോൾഡ് ഉറപ്പിക്കും. ചൈനയിൽ നിന്ന് വരുത്തുന്ന കനവും തിളക്കവുമുള്ള റിബ്ബണാണ് പൊതിയാൻ ഉപയോഗിക്കുക. 20 ഇഞ്ച് നീളത്തിൽ 33 റിബ്ബൺ കഷണങ്ങൾ വേണം. മൂന്ന് ഘട്ടങ്ങളിലായി തയ്യൽ പണി ചെയ്തുറപ്പിക്കണം. തുണികൊണ്ട് ഞെറിയിട്ട മറ്റൊരു തൊപ്പി ഉള്ളിലുണ്ടാകും. വെൽവെറ്റ് ഉപയോഗിച്ചാണ് മകുടം തയ്യാറാക്കുന്നത്. മുടിയുടെ താഴെയുള്ള പണികൾ കഴിഞ്ഞാൽ മകുടം ഉള്ളിലേക്കിറക്കി ഉറപ്പിക്കും.
മുടിയിലെ വിശ്വാസം
മുടിയുടെ മകുടത്തിൽ ക്രിസ്തുവും ശിഷ്യന്മാരുമാണ് പ്രതീകം. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവയാണ് മൂന്ന് തലങ്ങളിലെ നിർമാണം. സഭയുടെ ശരീരവുമായും മുടി ബന്ധപ്പെട്ടിട്ടുണ്ട്. മുടിയുടെ മാതൃക ടർക്കിഷ് സാമുദായിക നേതാക്കന്മാരുടെ തൊപ്പിയിൽ നിന്ന് സ്വീകരിച്ചതാണ്. ഓട്ടോമൻ രാജവംശ കാലത്ത് സാമൂദായിക നേതാക്കന്മാർക്ക് മതപരമായ ചടങ്ങുകളിൽ അടയാളമായി തൊപ്പി ഉപയോഗിക്കാൻ രാജവംശം നിയമപരമായ അധികാരം നൽകിയിരുന്നു. സഭയിൽ വിശുദ്ധ കുർബാനയിൽ മേൽപ്പട്ടക്കാർ മുടി ഉപയോഗിക്കാറില്ല. യാമപ്രാർഥന, വിവാഹ ശുശ്രൂഷ, മരണാനന്തര ശുശ്രൂഷ തുടങ്ങിയവ നടത്തുമ്പോൾ മേൽപ്പട്ടക്കാർ മുടി ഉപയോഗിക്കുന്നുണ്ട്.