കൊച്ചി: മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിലെ ഇരയുടെ പരാതിയിൽ രണ്ട് ഡോക്ടർമാർക്കെതിരേ കേസ് എടുത്തു. കളമശ്ശേരി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിലെ രണ്ട് ഡോക്ടർമാർക്കെതിരേയാണ് കേസ് എടുത്തിരിക്കുന്നത്. വൈദ്യപരിശോധനക്ക് എത്തിച്ചപ്പോൾ മുറിയിൽ പൂട്ടിയിട്ടിരുന്നുവെന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കെതിരേ പീഡനക്കേസിലെ പെൺകുട്ടി പരാതി നൽകിയിരുന്നു.
മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയെ വൈദ്യപരിശോധനക്ക് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴായിരുന്നു സംഭവങ്ങൾ നടന്നത്. മെഡിക്കൽ കോളിലെത്തിയപ്പോൾ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർമാർ മുറിയിൽ പൂട്ടിയിടുകയും മോൻസണ് അനുകൂലമായി സംസാരിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ പരാതി.
കളമശ്ശേരി മെഡിക്കൽ കോളേജിൽ മോൻസൺ മാവുങ്കലിന്റെ മകൻ പഠിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് ഇത്തരം ഒരു സമീപനം ഉണ്ടായതെന്നുമാണ് പെൺകുട്ടി പ്രധാനമായും ഉന്നയിച്ച പരാതി. കേസുമായി ബന്ധപ്പെട്ട് വിശദമായ കാര്യങ്ങൾ ഡോക്ടർമാർ ചോദിച്ചറിഞ്ഞുവെന്നും വ്യക്തിപരമായി ആക്ഷേപിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു എന്നുമായിരുന്നു പെൺകുട്ടിയുടെ പരാതി.
സംഭവത്തിൽ ക്രൈംബ്രാഞ്ചിന് പെൺകുട്ടി പരാതി നൽകിയിരുന്നു. തുടർന്നാണ്മെഡിക്കൽ കോളേജിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാർക്കെതിരേ ക്രൈംബ്രാഞ്ച്കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ഇന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെത്തി ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.
Content Highlights:Monson mavunkal Pocso Case: Case registered against two doctors in kalamassery medical college