തിരുവനന്തപുരം
മഴക്കെടുതിയിൽ മരിച്ചവരുടെ ബന്ധുക്കൾക്കും നാശനഷ്ടമുണ്ടായവർക്കും വേഗം നഷ്ടപരിഹാരം നൽകുകയാണെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. എസ്ഡിആർഎഫ് മാനദണ്ഡപ്രകാരം കുറഞ്ഞ തുകയേ നൽകാനാകൂ എന്നതിനാൽ നഷ്ടത്തിന്റെ തോത് വിവിധ സ്ലാബുകളിലാക്കി തുക നൽകാൻ തീരുമാനിച്ചു. നഷ്ടം 15 ശതമാനം വരെയുള്ളവർ, 16 –- 29 ശതമാനം, 30–- 59 ശതമാനം, 60–- 74 ശതമാനം, 75–- 100 ശതമാനം വരെയുള്ളവർ എന്നിങ്ങനെയാണ് സ്ലാബ്. പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് 4 ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തിൽ നഷ്ടപരിഹാരം വർധിപ്പിച്ചു.
പുറമ്പോക്ക് ഭൂമിയിലെ നാശനഷ്ടത്തിനും ഇതേ നിരക്കിൽ സഹായം നൽകും. ഭൂമിയും വീടും നഷ്ടപ്പെട്ടവർക്ക് പത്ത് ലക്ഷം രൂപവരെയാണ് നൽകുക.
മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നുള്ള നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള ഒരു ലക്ഷം രൂപയും ചേർത്ത് അഞ്ച് ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചെന്നും പി എസ് സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി പറഞ്ഞു.
ഡിജിറ്റൽ റീസർവേ പൂർത്തിയാക്കും
ഡിജിറ്റൽ സർവേ പൂർത്തിയാക്കാൻശേഷിക്കുന്ന 1550 വില്ലേജ് നാല് വർഷത്തിനകം പൊതുജന പങ്കാളിത്തത്തോടെ തീർക്കുമെന്ന് മന്ത്രി കെ രാജൻ പറഞ്ഞു.
ഭൂമി സംബന്ധമായി നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് കാരണം റീസർവേയിലെ അപാകതകളാണ്. ആധുനിക സാങ്കേതികവിദ്യയായ സിഒആർഎസ് സംവിധാനം ഉപയോഗിച്ച് ആർടികെ, ഡ്രോൺ, ഇടിഎസ് ഉപകരണങ്ങളുടെ സഹായത്തോടെയാണ് റീസർവേ. ഇതിന് റിബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 807.98 കോടി രൂപ പദ്ധതിക്ക് അനുവദിച്ചു. ആദ്യ ഗഡുവായി 339.438 കോടി രൂപയുടെ ഭരണാനുമതിയും ലഭ്യമാക്കി.
ലാൻഡ് ബോർഡുകളിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കാനും ലാൻഡ് ട്രിബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകളിൽ സമയബന്ധിതമായി തീരുമാനം കൈക്കൊള്ളാനും നടപടികളായെന്നും മന്ത്രി പറഞ്ഞു.