തലശേരി
പൗരാവകാശവും സഞ്ചാരസ്വാതന്ത്ര്യവും തടയപ്പെട്ട ഒമ്പതര വർഷത്തിനുശേഷം ജന്മനാടിന്റെ സ്നേഹത്തണലിലേക്ക് അവർ മടങ്ങിയെത്തുന്നു. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം കാരായി രാജനും തലശേരി ഏരിയാ കമ്മിറ്റിയംഗം കാരായി ചന്ദ്രശേഖരനും എറണാകുളം വിട്ട് വെള്ളിയാഴ്ച തലശേരിയിലെത്തും. ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവ് അനുവദിച്ചതോടെയാണ് തിരിച്ചുവരവ്.
ഫസൽ വധക്കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട് 2012 മെയ് 22നാണ് എറണാകുളം മജിസ്ട്രേട്ട് കോടതിമുമ്പാകെ ഹാജരായത്. ഒന്നര വർഷത്തെ ജയിൽവാസത്തിനുശേഷം 2013 നവംബർ എട്ടിന് ജാമ്യം അനുവദിച്ചു. ജാമ്യവ്യവസ്ഥപ്രകാരം അന്നുമുതൽ എറണാകുളം ഇരുമ്പനത്താണ് താമസം. ഇതിനിടെ, ഫസലിനെ കൊന്ന ആർഎസ്എസ്സുകാരുടെ കുറ്റസമ്മതമൊഴിയും ഫോൺസംഭാഷണവും തെളിവുകളും പുറത്തുവന്നു.
രാജ്യത്തെ നീതിന്യായ ചരിത്രത്തിൽ അപൂർവങ്ങളിൽ അപൂർവമാണ് ഫസൽ വധക്കേസും ജാമ്യവ്യവസ്ഥയും. പൗരാവകാശവും സഞ്ചാരസ്വാതന്ത്ര്യവും തടഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കാരായി രാജനും തലശേരി നഗരസഭാ ചെയർമാനായി കാരായി ചന്ദ്രശേഖരനും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഔദ്യോഗിക കൃത്യനിർവഹണത്തിനും ജാമ്യവ്യവസ്ഥ തടസ്സമായി. മക്കളുടെ വിവാഹത്തിൽ പങ്കെടുക്കാനും ചികിത്സയ്ക്കും കോടതിയുടെ ദയ കാക്കേണ്ടിവന്നു.
തൃപ്പൂണിത്തുറയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് കെ ടി തങ്കപ്പന്റെ ഇരുമ്പനത്തെ വീടാണ് എട്ടു വർഷമായി ഇവരുടെയും വീട്. സിപിഐ എം ഇരുമ്പനം ലോക്കൽ കമ്മിറ്റി ബുധൻ വൈകിട്ട് 5.30ന് യാത്രയയപ്പ് നൽകും.
നീതിതേടിയുള്ള സമരം
നിരപരാധികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതിതേടി നിയമപോരാട്ടം ഏറെ നടന്നു. കതിരൂരിലും തിരുവങ്ങാടും തലശേരിയിലും എറണാകുളത്തും സമരവും നടന്നു. സാഹിത്യകാരൻ ടി പത്മനാഭൻ, ഡോ. സെബാസ്റ്റ്യൻ പോൾ തുടങ്ങിയവർ നീതിക്കായി ശബ്ദമുയർത്തി. ഫസലിന്റെ സഹോദരൻ നൽകിയ ഹർജിയിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.