തിരുവനന്തപുരം
ഭാരത്മാല രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ 12 റോഡുകൂടി നവീകരിക്കാൻ കേന്ദ്രം സമ്മതിച്ചതായി പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയെത്തുടർന്നാണിത്.
ചൊവ്വ–- കൂട്ടുപുഴ–- മൈസൂരു പാതയെ ദേശീയപാതിയായി പ്രഖ്യാപിക്കാൻ നടപടി ആരംഭിച്ചു.
ദേശീയപാത അതോറിറ്റിക്കു കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണിക്ക് സ്ഥിരം സംവിധാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കിലോ മീറ്ററിന് നിശ്ചിത നിരക്ക് കണക്കാക്കി ഫണ്ട് വകയിരുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കാമെന്ന് ഉറപ്പുനൽകി. സംസ്ഥാനത്തിന്റെ നിർദേശം കേന്ദ്രം അംഗീകരിച്ചാൽ ദേശീയപാത റോഡുകളുടെ അറ്റകുറ്റപ്പണിക്ക് ശാശ്വത പരിഹാരമാകും.
രണ്ടു മാസത്തിലൊരിക്കൽ ദേശീയപാത അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കും. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് 11 റോഡുകൂടി ഭാരത്മാല പദ്ധതിയിൽ ഉൾപ്പെടുത്തി വിശദപദ്ധതി രേഖ തയ്യാറാക്കുന്നു. റോഡുകളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനും വർക്ക് കലണ്ടർ അനിവാര്യമാണ്. ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായിട്ടും നഷ്ടപരിഹാരം വൈകുന്നെന്ന പരാതിയിൽ പ്രത്യേക ഇടപെടൽ നടത്താമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട്ടെ ഗതാഗതക്കുരുക്ക് പരിഹരിച്ചപോലെ കണ്ണൂരിലും സംവിധാനം ഉണ്ടാക്കും. എടപ്പാൾ മേൽപ്പാലം ഈ വർഷം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
യാത്രാനിരോധനം: എലിവേറ്റഡ് ഹൈവേക്ക് ശ്രമം
മൈസൂർ പാതയിലെ രാത്രികാല യാത്രാനിരോധനത്തിന് പരിഹാരമായി ‘എലിവേറ്റഡ് ഹൈവേ ’ നിർമിക്കാനാണ് കേരളം ശ്രമിക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. ബത്തേരി –-ഗുണ്ടൽപേട്ട് ദേശീയപാത 766ലും ദേശീയപാത 67ലുമാണ് യാത്രാനിരോധനമുള്ളത്. എലിവേറ്റഡ് ഹൈ വേയടക്കം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ സെക്രട്ടറി സമർപ്പിച്ച നിർദേശങ്ങൾ നടപ്പാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടക യുമായി ചർച്ചയ്ക്ക് ഗതാഗത വകുപ്പ് നടപടിയെടുക്കുന്നുണ്ട്. ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും ഐ സി ബാലകൃഷ്ണന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.