തിരുവനന്തപുരം
പ്രതിദിനം 100 ലിറ്റർ ശുദ്ധജലം ഓരോ പൗരനും ലഭ്യമാക്കുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്രസർക്കാർ കണക്കാക്കിയിരിക്കുന്നത് 55 ലിറ്ററാണ്. സംസ്ഥാനത്തിന്റെ ലക്ഷ്യം കൈവരിക്കാൻ ജലവിതരണ ശൃംഖലകൾ സമഗ്രമായി പരിഷ്കരിക്കണം. ജലജീവൻ മിഷനിലൂടെ അതിനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജലജീവൻ മിഷൻ സംസ്ഥാനതല ശിൽപ്പശാലയും നിർവഹണ സഹായ ഏജൻസികളുടെ പ്രവർത്തനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചു വർഷത്തിനകം 53.19 ലക്ഷം ഗ്രാമീണ വീടുകളിൽ ശുദ്ധജലമെത്തിക്കാനാണ് ജലജീവൻ മിഷനിലൂടെ ഉദ്ദേശിക്കുന്നത്. 2176 ജലസ്രോതസ്സുണ്ട്. അതിൽ 2151 സ്രോതസ്സിന്റെ ഓഡിറ്റ് പൂർത്തിയാക്കാനായി. കുടിവെള്ളം കൂടുതൽ ആവശ്യമുള്ളിടത്ത് കൂടുതൽ പദ്ധതി വേണ്ടിവരും. ഇത് കൃത്യസമയത്ത് നടപ്പാക്കുക പ്രധാനമാണ്. കഴിഞ്ഞവർഷത്തേക്കാൾ രണ്ടരയിരട്ടി കണക്ഷനാണ് ഈ വർഷം ലഭ്യമാക്കേണ്ടത്. ഊർജസ്വലമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനായി. ഗതാഗതമന്ത്രി ആന്റണി രാജു, മിഷൻ ഡയറക്ടർ എസ് വെങ്കിടേസപതി, ശാരദ മുരളീധരൻ, വിജു മോഹൻ, ആന്റണി കുന്നത്ത്, റഷീദ് പറമ്പൻ എന്നിവർ സംസാരിച്ചു.