റോം
ജി20 ഉച്ചകോടി സമാപിച്ചത് കാര്യമായ തീരുമാനങ്ങളില്ലാതെയെന്ന് വിമർശം. പല തീരുമാനങ്ങളും ആവർത്തനമായി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വികസ്വര രാജ്യങ്ങളെ സഹായിക്കാൻ 10000 കോടി ഡോളര്‍ ഓരോ വര്‍ഷവും സമാഹരിക്കുമെന്ന ജി20 തീരുമാനമാണ് അതിലൊന്ന്. ഇത് മുന്‍ നയമാണെന്നു മാത്രമല്ല വാഗ്ദാനം പാലിക്കുന്നതില്‍ ജി20 പരാജയപ്പെട്ടിട്ടുണ്ടെന്നാണ് വിമര്‍ശം. 2009 മുതൽ വികസ്വര രാജ്യങ്ങൾക്ക് പ്രതിവർഷം 10000 കോടി ഡോളർ നൽകും എന്ന വാഗ്ദാനം പാലിക്കുന്നതിൽ വികസിത രാജ്യങ്ങൾ പരാജയപ്പെട്ടെന്നും 2025 വരെ ഈ പരിധി ഉയര്‍ത്തുന്നില്ല എന്ന തീരുമാനമാണ് ജി20ൽ ഉണ്ടായിരിക്കുന്നതെന്നും ഇന്ത്യയുടെ പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവ് ഗ്ലാസ്ഗോയിൽ അന്താരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയില്‍ തുറന്നടിച്ചു.
അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് തോത് ‘നെറ്റ് സീറോ’ ആക്കുകയെന്ന ലക്ഷ്യം 2050ന് മുമ്പ് നേടണമെന്ന പാശ്ചാത്യ ആവശ്യം ഉച്ചകോടി അംഗീകരിച്ചില്ല. ഈ നൂറ്റാണ്ടിന്റെ പകുതി കഴിഞ്ഞ് ലക്ഷ്യത്തിലെത്തിയാലും മതിയെന്നാണ് ഒത്തുതീർപ്പ്. ചൈനയും സൗദി അറേബ്യയും റഷ്യയും സമയപരിധി 2060 ആയി നിശ്ചയിച്ചിട്ടുണ്ട്. ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസില്‍ നിലനിര്‍ത്തുക എന്ന 2015ലെ പാരീസ് ഉടമ്പടിയിലെ ലക്ഷ്യം ജി20 വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഇതിനായി എന്ത് ചെയ്തു എന്നതില്‍ കാര്യമായ ചര്‍ച്ച ഉണ്ടായില്ല.
വിദേശ രാജ്യങ്ങളിലെ കല്‍ക്കരി പ്ലാന്റുകള്‍ക്കുള്ള ധനസഹായം അവസാനിപ്പിക്കും എന്ന ജി20 തീരുമാനവും വിമര്‍ശനത്തിന് ഇടയാക്കി. സ്വന്തം രാജ്യങ്ങളിലുള്ള പ്ലാന്റുകളെ സംബന്ധിച്ച് പരാമർശിച്ചില്ലെന്നു മാത്രമല്ല കൽക്കരി കൂടുതൽ ഉപയോഗിക്കുന്ന ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾക്കായി പ്രത്യേക വ്യവസ്ഥകളൊന്നും മുന്നോട്ടുവച്ചതുമില്ല. 2021 അവസാനത്തോടെ എല്ലാ രാജ്യത്തെയും ജനസംഖ്യയുടെ 40 ശതമാനത്തിനും 2022 പകുതിയോടെ 70 ശതമാനത്തിനും കോവിഡ് വാക്സിന് ഉറപ്പാക്കുക എന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം വിജയിപ്പിക്കാൻ പ്രവര്‍ത്തിക്കുമെന്ന് ജി 20 അറിയിച്ചു.എന്നാല്‍, അമേരിക്കയും ബ്രിട്ടനുമടക്കം വാഗ്ദാനത്തിന്റെ വളരെ ചെറിയ ശതമാനം മാത്രമാണ് സംഭാവന ചെയ്തതെന്ന് ലോകാരോഗ്യ സംഘടനതന്നെ അടുത്തിടെ വിമര്‍ശിച്ചു.