തബൂക്ക് > മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവീസ് (മാസ്സ് തബുക്ക്) പന്ത്രണ്ടാം കേന്ദ്ര സമ്മേളനം സമാപിച്ചു. നെടുമുടി വേണുവിന്റെ നാമധേയത്തിൽ പ്രത്യേകം സജ്ജീകരിച്ച സമ്മേളന നഗറിൽ സമ്മേളനം ഒക്ടോബർ 29 ന് വ്യവസായ മന്ത്രിയും സിപിഐഎം സംസഥാന സെക്രട്ടറിയറ്റംഗവുമായ പി രാജീവ് ഉദ്ഘാടനം ചെയ്തു. മാത്യു തോമസ് നെല്ലുവേലിൽ അധ്യക്ഷനായി.
അഖിൽ ഗണേഷ് രക്തസാക്ഷി പ്രമേയവും നജീം ആലപ്പുഴ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ഉബൈസ് മുസ്തഫ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഫൈസൽ നിലമേൽ 2018 – 2021 വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിറ്റ് പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ചർച്ചയ്ക്ക് സെക്രട്ടറി മറുപടി നൽകി.
എന്തുണ്ട് ഇനി വിൽക്കാൻ ബാക്കി, കർഷകരോടുള്ള കേന്ദ്ര സർക്കാരിന്റെ സമീപനം, പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണന എന്നീ വിഷയങ്ങളിൽ മുസ്തഫ തെക്കൻ, ജെറീഷ് ജോൺ, ധനേഷ് അമ്പലവയൽ എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് ആരോഗ്യ പ്രവർത്തകൻ ഡോ. റൗഫ് സംസാരിച്ചു. അഖിൽ ഗണേഷ് നന്ദി പറഞ്ഞു. റഹീം ഭരതന്നൂർ നേതൃത്വം നൽകിയ സംഘം ഗാനാലാപനം നടത്തി സമ്മേളനത്തിന് കൊഴുപ്പേകി.