തിരുവനന്തപുരം > അതിദരിദ്രരില്ലാത്ത കേരളം പദ്ധതിയിൽ അർഹരായവർ പ്രാഥമിക പട്ടികയിലുൾപ്പെടുമെന്ന് ഉറപ്പാക്കാൻ മൂന്നുതല പട്ടിക. വാർഡ്തല പ്രാഥമിക യോഗം, കുടുംബശ്രീ/ സാമൂഹ്യ സംഘടന ഗ്രൂപ്പ് ചർച്ച, ക്ലസ്റ്റർതല യോഗം എന്നിവ ചേർന്നാണ് മൂന്ന് പട്ടിക തയ്യാറാക്കുക.
പ്രാഥമിക വാർഡ്തലയോഗം വാർഡിലെ അർഹരുടെ സാധ്യതാ പട്ടികയും കുടുംബശ്രീ/ സാമൂഹ്യ സംഘടന ഫോക്കസ് യോഗം വാർഡിലെ അതിദരിദ്രരെയും കണ്ടെത്തി പട്ടിക തയ്യാറാക്കും. വലിയ വാർഡുകളിൽ 250 –-300 വീടുകളെ ഉൾപ്പെടുത്തിയാണ് ക്ലസ്റ്ററുകൾ രൂപീകരിക്കുക. ഈ ക്ലസ്റ്ററുകൾ യോഗംചേർന്ന് തങ്ങളുടെ പരിധിക്കകത്തെ അതിദരിദ്രരെ കണ്ടെത്തും. വാർഡ്തല സമിതിയുടെ രണ്ടാംയോഗം ഇവ ക്രോഡീകരിച്ച് അന്ത്യോദയ അന്നയോജന, ഭിന്നശേഷിക്കാർ, പാലിയേറ്റീവ് കെയർ എന്നിവയുടെ പട്ടികയുമായി താരതമ്യം ചെയ്ത് അർഹരായവർ വിട്ടുപോയിട്ടില്ലെന്ന് ഉറപ്പാക്കും.
പത്തിനകം വാർഡ്തല ജനകീയ സമിതി നിലവിൽവന്ന്, പത്തിന് പട്ടിക തയ്യാറാക്കി തുടങ്ങും. എന്യൂമറേറ്റർ പരിശോധിക്കുന്ന ഈ പട്ടികയിലെ ഓരോ കുടുംബത്തിന്റെയും വിവരം പ്രത്യേക ആപ് വഴി ഡാറ്റാ സെന്ററിലേക്ക് കൈമാറും. ഇതിനുള്ള ആപ് അടുത്തദിവസം നിലവിൽവരും. വാർഡ്തല പട്ടികയ്ക്ക് അന്തിമാംഗീകാരം നൽകേണ്ടത് ഗ്രാമ–-വാർഡ് സഭകളാണ്. ഡിസംബർ ആദ്യവാരം ഈ യോഗങ്ങൾ ചേരും. ഡിസംബർ 28നകം അതിദരിദ്രരെ കണ്ടെത്താനുള്ള പ്രക്രിയ പൂർത്തീകരിക്കാനുള്ള വിശദമായ കലണ്ടറും തദ്ദേശഭരണ വകുപ്പ് പുറത്തിറക്കി.
അഞ്ചുതെങ്ങ്, തിരുനെല്ലി ഗ്രാമപഞ്ചായത്തിലും വടക്കാഞ്ചേരി നഗരസഭയിലും പരീക്ഷണാടിസ്ഥാനത്തിൽ അതിദരിദ്രരെ കണ്ടെത്തൽ പ്രക്രിയ നടത്തിയിരുന്നു. ഇതിന്റെ വിജയത്തോടെയാണ് എല്ലാ തദ്ദേശഭരണ സ്ഥാപനത്തിലും പട്ടിക തയ്യാറാക്കാൻ തദ്ദേശഭരണ വകുപ്പ് അനുമതി നൽകിയത്.