കോഴിക്കോട്: ഒന്നരെ വർഷത്തെ തുടർച്ചയായ അടച്ചിടലിനു ശേഷം കേരളപ്പിറവി ദിനത്തിൽ വിദ്യാലയങ്ങൾ വീണ്ടും ഉണരുകയാണ്. അവിടെ കരുതലിന്റെ പുതിയ പാഠങ്ങൾക്കൂടി അവിടെയിനി വിദ്യാർഥികൾക്ക് പഠിക്കേണ്ടിയിരിക്കുന്നു. കാത്തിരിപ്പിന്റെ വിരസനാളുകൾ തീർന്ന സന്തോഷത്തിലെത്തുന്ന കുരുന്നുകൾക്ക് പുത്തൻ അനുഭവം പകരാൻ സജ്ജമായിക്കഴിഞ്ഞു എല്ലാ സ്കൂളുകളും. അക്ഷരമരവും വർണഭംഗിയുള്ള ചിത്രച്ചുമരുകളും കളിമുറ്റങ്ങളും തോരണങ്ങളും ഒക്കെയുണ്ട്. അധ്യാപകരും രക്ഷിതാക്കളും സന്നദ്ധസംഘടനകളും ചേർന്നാണ് ക്ലാസ്മുറികളും വിദ്യാലയങ്ങളുടെ പരിസരവും വൃത്തിയാക്കിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇരിപ്പിടങ്ങൾ സജ്ജീകരിച്ചും ഷിഫ്റ്റുകൾ ഏർപ്പെടുത്തിയുമാണ് ക്ലാസുകൾ നടത്തുക.
അധ്യാപകർക്കും വിദ്യാർഥികൾക്കുമായി വിശദമായ മാർഗനിർദേശങ്ങളുണ്ട്. അധ്യാപകർക്കുള്ള പരിശീലനങ്ങളും പൂർത്തിയായി. കോവിഡ് അനുയോജ്യ പെരുമാറ്റരീതികൾ വിവരിക്കുന്ന ബോർഡുകൾ, പോസ്റ്ററുകൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈ കഴുകുന്ന സ്ഥലം, ശുചിമുറി തുടങ്ങിയിടങ്ങളിൽ നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തലുകളും ഉണ്ട്.
ആദ്യ രണ്ടാഴ്ച ഉച്ചവരെയാണ് ക്ലാസുകൾ. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമാണ്. 1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25 ശതമാനംമാത്രം ഒരുസമയത്ത് സ്കൂളിൽവരുന്ന രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. കുട്ടികളെ ബാച്ചുകളായി തിരിച്ചാണ് ക്ലാസുകൾ നടക്കുക. ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം സ്കൂളിൽ വരാം. അടുത്തബാച്ച് അടുത്ത മൂന്നു ദിവസം സ്കൂളിലേക്കെത്തും.
ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ട. കുട്ടികൾക്കൊപ്പമെത്തുന്ന രക്ഷിതാക്കൾ സ്കൂളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനുമുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. അസുഖമുള്ള കുട്ടികളും രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്കൂളിൽ വരേണ്ട. രോഗലക്ഷണം, പ്രാഥമികസമ്പർക്കം, പ്രാദേശികനിയന്ത്രണം എന്നിവയുള്ള സ്ഥലങ്ങളിൽനിന്നുള്ള കുട്ടികളും ജീവനക്കാരും സ്കൂളിൽ ഹാജരാകേണ്ടതില്ല. രണ്ടുഡോസ് കോവിഡ് വാക്സിൻ എടുക്കാത്തവർക്കും സ്കൂളിൽ പ്രവേശനമില്ല.
വീണ്ടും സ്കൂൾ തുറക്കുമ്പോൾ ഏറെയുണ്ട് ശ്രദ്ധിക്കാൻ-
രക്ഷിതാക്കളുടെ സമ്മതത്തോടെയാകണം കുട്ടികൾ സ്കൂളിലേക്ക് വരേണ്ടത്
കോവിഡ് പ്രോട്ടോകോൾ പാലിക്കണം
ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ ഒരു ബെഞ്ചിൽ പരമാവധി രണ്ടു കുട്ടികൾ
ഒരു ക്ലാസിനെ രണ്ടായി വിഭജിച്ച് ഒരുസമയം പകുതികുട്ടികൾ മാത്രം
സ്കൂളുകളുടെ സൗകര്യാർഥം രാവിലെ ഒമ്പതുമുതൽ 10വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസുകൾ ആരംഭിക്കാം
ആദ്യ രണ്ടാഴ്ച ക്ലാസുകൾ ഉച്ചവരെമാത്രം
ആയിരം കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25 ശതമാനം മാത്രം ഒരുസമയത്ത് സ്കൂളിൽ വരുന്ന രീതിയിൽ ക്ലാസുകൾ ക്രമീകരിക്കണം
കുട്ടികളുടെ എണ്ണം ക്രമീകരിച്ച് ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാം
ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർഥികൾ അധികമുള്ള സ്കൂളുകളിൽ രണ്ടുദിവസം) വരാം. അടുത്ത ബാച്ച് അടുത്ത മൂന്നുദിവസമായിരിക്കും
ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർഥി സ്ഥിരമായി അതേ ബാച്ചിൽത്തന്നെ തുടരണം
ഒരുപ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ ഉൾപ്പെടുത്തണം
ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല
ഏതെങ്കിലുംതരത്തിലുള്ള അസുഖമുള്ളവരും വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ളവരും സ്കൂളിൽ ഹാജരാകരുത്.
രോഗലക്ഷണമുള്ളവർ (ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കോവിഡ് അനുബന്ധ ലക്ഷണം) പ്രാഥമിക സമ്പർക്കം ഉള്ള/സംശയിക്കുന്ന കുട്ടികൾ/ജീവനക്കാർ, സമ്പർക്കവിലക്കിൽ ഇരിക്കുന്ന കുട്ടികൾ/ജീവനക്കാർ, കോവിഡ് വ്യാപനംമൂലം പ്രാദേശികനിയന്ത്രണമുള്ള സ്ഥലങ്ങളിൽനിന്നുള്ളവർ എന്നിവർ ഹാജരാകേണ്ടാ
സ്കൂളിൽ വായുസഞ്ചാരമുള്ള മുറികൾ/ഹാളുകൾ തിരഞ്ഞെടുക്കണം
സാധ്യമാകുന്ന ഘട്ടങ്ങളിൽ തുറന്നസ്ഥലത്ത് അധ്യയനം നടത്താം
കുട്ടികളെ എത്തിക്കാനും തിരികെ കൊണ്ടുപോകാനുമായി വരുന്ന രക്ഷിതാക്കൾ സ്കൂളിൽ പ്രവേശിക്കാനും കൂട്ടംകൂടാനും പാടില്ല
കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികൾമാത്രമുള്ള സ്പെഷ്യൽ സ്കൂളുകൾ തുറക്കാം
എല്ലാ അധ്യാപക-അനധ്യാപക ജീവനക്കാരും രണ്ടു ഡോസ് വാക്സിൻ എടുക്കണം
കുട്ടികളെ സ്കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, സ്കൂൾ ബസ് ഡ്രൈവർമാർ, മറ്റ് താത്കാലിക ജീവനക്കാർ എന്നിവർ രണ്ടു ഡോസ് വാക്സിൻ എടുക്കണം.
കോവിഡ് വ്യാപനംമൂലം പ്രാദേശികനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിൽ ഡി.ഡി.എം.എ., ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ് എന്നിവരുടെ നിർദേശാനുസരണം സ്കൂൾമേധാവികൾ ക്ലാസുകൾ ക്രമീകരിക്കണം
മാസ്ക്, സാനിറ്റൈസർ, തെർമൽ സ്കാനർ, ബക്കറ്റ്, സോപ്പ്, വെള്ളം എന്നിവ സ്കൂളിൽ ഉറപ്പാക്കണം
സ്കൂൾതലത്തിൽ ഹെൽപ് ലൈൻ ഏർപ്പെടുത്തണം
സ്കൂളിൽ സിക് റൂം സജ്ജീകരിക്കണം
ഡോക്ടറുടെ സേവനം ഉറപ്പുവരുത്തണം
പോലീസ് സബ് ഇൻസ്പെക്ടറുടെ സേവനം തേടാം
കുട്ടികൾക്ക് ആത്മവിശ്വാസം നൽകാം
കുട്ടികളുടെ കഴിവുകൾ തിരിച്ചറിയാം. പ്രോത്സാഹിപ്പിക്കാം.
സർഗാത്മക കഴിവുകൾക്കും ആശയങ്ങൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും അവസരം നൽകാം
മറ്റുള്ളവരെ കേൾക്കാൻ, തന്റെ അവസരത്തിനായി കാത്തിരിക്കാൻ, മികച്ച ആശയവിനിമയശേഷി വികസിപ്പിക്കാൻ, യുക്തിപൂർവം ചിന്തിക്കാൻ, സർഗാത്മകപ്രവർത്തനങ്ങളിൽ ഇടപെടാൻ പരിശീലിപ്പിക്കാം
ചെറിയ കളികളും ലഘുവ്യായാമങ്ങളും ചെയ്യിക്കാം
വായന പ്രോത്സാഹിപ്പിക്കാം. ഇഷ്ടമുള്ള പുസ്തകങ്ങൾ നൽകാം. പത്രവായന ശീലമാക്കുക
ശാസ്ത്രതാത്പര്യം ഉണർത്തുന്ന പരീക്ഷണങ്ങളും പരിശീലനങ്ങളും നടത്താം
ലോകശാസ്ത്രദിനവുമായി ബന്ധപ്പെട്ട് നവംബർ ഏഴുമുതൽ 10വരെ ലഘുപരീക്ഷണങ്ങൾ ചെയ്യിക്കാം.
ചെറിയ ക്ലാസിലെ കുട്ടികൾക്ക് ക്ലാസ് റൂം പരിചയപ്പെടാൻ സമയം നൽകാം. അവർക്ക് താത്പര്യമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കാം
പഠനമികവ് വിലയിരുത്തൽ പ്രവർത്തനങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കണം
സ്കൂൾ കൗൺസലർമാരുടെ സേവനം ഉപയോഗപ്പെടുത്താം
പഠനം എളുപ്പമാക്കാം
സ്കൂളിലെത്തുന്നവരെയും എത്താൻ കഴിയാത്തവരെയും പ്രത്യേകം ശ്രദ്ധിക്കാം
അസൈൻമെന്റുകളുടെ അവതരണത്തിനും ഫീഡ്ബാക്കിനും ഓൺലൈൻ ക്ലാസുകൾ ഉപയോഗപ്പെടുത്താം
സ്കൂളിലെത്താൻ കഴിയാത്ത കുട്ടികൾക്ക് പഠിക്കാൻ വീഡിയോ ക്ലാസുകളും ഓൺലൈൻ പഠനവും തുടരണം
പ്രായോഗികപാഠങ്ങൾ, സംഘങ്ങളായുള്ള പ്രവർത്തനങ്ങൾ നൽകാം
പാഠഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ചർച്ചകൾ, സംവാദം എന്നിവയിലൂടെ ആശയം രൂപവത്കരിക്കാം
പാഠഭാഗങ്ങൾ മനസ്സിലാക്കാൻ വീഡിയോ ക്ലാസുകൾ ഉപയോഗിക്കാം
ക്ലാസ് കഴിഞ്ഞതിനുശേഷം ചെറിയ കുറിപ്പുകൾ തയ്യാറാക്കാം
പാഠഭാഗത്തിനാവശ്യമായ സന്ദർഭങ്ങളും ഉദാഹരണങ്ങളും പരിചയപ്പെടുത്താനും പരീക്ഷണങ്ങൾ കാണിക്കാനും ഡിജിറ്റൽ ക്ലാസുകൾ ഉപയോഗപ്പെടുത്താം
സ്മാർട്ട് ക്ലാസ് റൂം, ലാബുകൾ, മൾട്ടീമീഡിയാ സംവിധാനങ്ങൾ കാര്യക്ഷമമാക്കാം
വീട്ടിലും പരിസരത്തും ലഭ്യമായ സാധനസാമഗ്രികൾ ഉപയോഗിച്ച് പരീക്ഷണ-നിരീക്ഷണങ്ങൾ നടത്താം
വാഹനത്തിലെ ഒരുസീറ്റിൽ ഒരുകുട്ടി മാത്രം
ഒരുസീറ്റിൽ ഒരുകുട്ടി മാത്രം യാത്രചെയ്യുന്ന രീതിയിൽ ക്രമീകരിക്കണം
നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല
വാഹനത്തിൽ എ.സി.യും തുണികൊണ്ടുള്ള സീറ്റ് കവറും കർട്ടനും പാടില്ല
ഓരോ ദിവസവും അണുനാശിനിയോ സോപ്പ് ലായനിയോ ഉപയോഗിച്ച് വാഹനങ്ങൾ വൃത്തിയാക്കണം
വാഹനങ്ങൾ മോട്ടോർവാഹന വകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്കൂളധികൃതർ ഉറപ്പുവരുത്തണം
വാഹനങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും കരുതണം
ഡോർ അറ്റൻഡർ ബസിൽ പ്രവേശിക്കുന്ന കുട്ടിയുടെ ഊഷ്മാവ് രേഖപ്പെടുത്തണം
സാനിറ്റൈസർ ഉപയോഗിച്ചശേഷം ബസിലേക്ക് പ്രവേശനം
വാഹനത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സ്കൂളുകൾ രക്ഷിതാക്കൾക്ക് പ്രിന്റ് ചെയ്ത് നൽകണം