തലശേരി
കേരളപ്പിറവി ദിനത്തിൽ തലശേരി നഗരസഭക്കും പിറന്നാൾ. മലബാറിലെ ആദ്യ നഗരസഭകളിലൊന്നായ തലശേരിക്ക് തിങ്കളാഴ്ച 155 വയസ്. ബ്രിട്ടീഷ് ഭരണകാലത്ത് 1866 നവംബർ ഒന്നിനാണ് നഗരസഭ നിലവിൽ വന്നത്. മുനിസിപ്പൽ കമീഷൻ എന്നായിരുന്നു ആദ്യ പേര്. മലബാർ കലക്ടറായിരുന്ന ജി എ ബല്ലാർഡായിരുന്നു ആദ്യ പ്രസിഡന്റ്. 1885ൽ മുനിസിപ്പൽ കൗൺസിലായി മാറിയപ്പോൾ യൂറോപ്യൻ അഭിഭാഷകൻ എ എഫ് ലബറൽ ചെയർമാനായി. നഗരസഭയുടെ തലശേരിക്കാരനായ ആദ്യ വൈസ് പ്രസിഡന്റ് ചൂര്യായി കണാരനും ആദ്യവനിതാ അധ്യക്ഷ ലളിത ആർ പ്രഭുവും.
1880 ലാണ് നഗരത്തിന്റെ അതിരുകൾ വിപുലപ്പെടുത്തിയത്. വടക്ക് കൊടുവള്ളിപ്പാലം മുതൽ തെക്ക് മൈലാൻ കുന്ന്വരെയും പടിഞ്ഞാറ് കടലോരം മുതൽ കിഴക്ക് എരഞ്ഞോളി പുഴവരെയുമായിരുന്നു അന്നത്തെ നഗരസഭാ പ്രദേശം. തലായി, കുന്നോത്ത്, മണ്ണയാട്, കാവുംഭാഗം, വയലളം ദേശങ്ങൾ 1961 ൽ നഗരസഭയോട് കൂട്ടിച്ചേർത്തു. പഴയ കോടിയേരി പഞ്ചായത്തും 1990ൽ നഗരസഭയുടെ ഭാഗമാക്കി.
കടലാക്രമണത്തിൽ നിരവധി ഹെക്ടർ സ്ഥലം നഷ്ടപ്പെട്ട പട്ടണമാണ് തലശേരി. തീരത്തുനിന്ന് 350–-400 മീറ്റർ അകലെ കടലിൽ കാണുന്ന പാറക്കൂട്ടങ്ങൾ ഒരു കാലത്ത് മത്സ്യമാർക്കറ്റ് പ്രവർത്തിച്ച സ്ഥലമാണ്. സമീപകാലത്ത് വിസ്മയിപ്പിക്കുന്ന പുരോഗതിയാണ് തലശേരിക്കുണ്ടായത്. പൈതൃക ടൂറിസം പദ്ധതിയിൽ ടൂറിസം സ്പോട്ടായി മാറി. തലശേരി–-മാഹി ബൈപാസ് നിർമാണം പുരോഗമിക്കുന്നു. തലശേരി കോർപറേഷനാക്കണമെന്ന നിർദേശവും ഉയരുന്നുണ്ട്.
മലബാറിലെ ബ്രിട്ടീഷ് ആസ്ഥാനം
പോർച്ചുഗീസുകാരും ഡെച്ചുകാരും ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും പലകാലങ്ങളിലായി ഇവിടെ ആധിപത്യം സ്ഥാപിച്ചവരാണ്. 1683ലാണ് ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി സംഭരണ കേന്ദ്രം സ്ഥാപിച്ചത്. 1708 ആഗസ്ത് 20ന് കോട്ട പണിതു. ബ്രിട്ടീഷുകാരുടെ ഭരണകേന്ദ്രവും ആയുധപ്പുരയും സൈനികത്താവളവും ഇവിടെയായിരുന്നു.
തടവറയും നാണയം അടിക്കുന്ന കമ്മട്ടവുമുണ്ടായിരുന്നു. തുറമുഖം വഴി സുഗന്ധ ദ്രവ്യങ്ങൾ കടൽ കടന്നു. 1802ൽ മലബാറിലെ ആദ്യ ജില്ലാ കോടതി പ്രവർത്തനം തുടങ്ങിയതും ഈ പട്ടണത്തിൽ. യൂറോപ്യൻ അധിനിവേശത്തിന്റെ ശേഷിപ്പുകൾ ഇന്നും കാണാം