തിരുവനന്തപുരം
സംഘടനാ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കോൺഗ്രസ് അംഗത്വ വിതരണത്തിന് തിങ്കളാഴ്ച തുടക്കമാകും. രാവിലെ കെപിസിസി ആസ്ഥാനത്താണ് ഉദ്ഘാടനം. ഔദ്യോഗിക തലത്തിൽ മേലേത്തട്ടിൽമാത്രമേ തൽക്കാലം അംഗത്വ വിതരണം നടക്കൂ. അംഗത്വബുക്ക് അടിക്കുന്നതുമുതൽ കൊടുക്കൽ വാങ്ങൽ നടത്തേണ്ടവരുൾപ്പെടെ ഒരു തലത്തിലും ചുമതലക്കാരായിട്ടില്ല. പുതിയ യൂണിറ്റുകളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ചും തർക്കമുണ്ട്. നിയോജകമണ്ഡലം കമ്മിറ്റികൾ ഉണ്ടാക്കുമെന്ന് പറഞ്ഞെങ്കിലും ഇപ്പോൾ മിണ്ടുന്നില്ല.
പുതിയ കെപിസിസി സെക്രട്ടറിമാരുടെ ലിസ്റ്റ് ഏറെക്കുറെ പൂർത്തിയായെന്നാണ് വിവരം. എ, ഐ ഗ്രൂപ്പുകളിൽനിന്ന് സെക്രട്ടറിയാകാൻ നേതാക്കളുടെ ഒഴുക്കാണെന്ന് പുതിയ ചേരിയിലുള്ളവർ പറയുന്നു. ഗ്രൂപ്പിലേക്ക് തിരിച്ചുപോകില്ലെന്ന് ഉറപ്പുള്ളവരെവച്ച് അന്തിമ പട്ടിക ഇറക്കിയേക്കും. രണ്ടിന് കെപിസിസി നേതൃയോഗം ചേരുന്നുണ്ട്. ആരൊക്കെ തങ്ങളോടൊപ്പമുണ്ട് എന്നതിൽ ഗ്രൂപ്പുകളെ ആശയക്കുഴപ്പത്തിലാക്കുകയാണ് പുതിയ ചേരിയുടെ തന്ത്രം. എല്ലാ ഭാരവാഹികളെയും പ്രഖ്യാപിച്ച് ആധിപത്യമുറപ്പിക്കാനാണ് ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനം.
ഉടനെയൊന്നും സംഘടനാ തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കേണ്ടി വരില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കെ സുധാകരൻ, വി ഡി സതീശൻ നേതൃത്വം നൽകുന്ന പുതിയ ചേരിയിലുള്ളവർ. അംഗത്വവിതരണം പരമാവധി വൈകാനാണ് സാധ്യത. എഐസിസി അധ്യക്ഷനെ തെരഞ്ഞെടുത്ത ശേഷമേ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്ന ചരിത്രമുള്ളൂ.
ഇതിനിടെ വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുമെന്നതിനാൽ സംഘടനാ തെരഞ്ഞെടുപ്പ് നിർത്തിവയ്ക്കുമെന്നതും ഔദ്യോഗിക നേതൃത്വത്തിന് പ്രതീക്ഷ നൽകുന്നു.