തിരുവനന്തപുരം
ഒറ്റയായിപ്പോയതിന്റെ ആവലാ തികളെല്ലാം കുടഞ്ഞെറിഞ്ഞ് സ്കൂളുകളിൽനിന്ന് ഇനി കുരുന്നുകളുടെ കളിചിരി ആരവങ്ങളുയരും. അവർക്കൊപ്പം നവോന്മേഷത്തോടെ നാടുമുണരും. കോവിഡിനെത്തുടർന്ന് ഒന്നരവർഷത്തിലേറെനീണ്ട ഇടവേളയ്ക്കുശേഷമാണ് പൊതുവിദ്യാലയങ്ങൾ തിങ്കളാഴ്ച തുറക്കുന്നത്. ഒന്നുമുതൽ ഏഴുവരെയും 10, 12 ക്ലാസുകളിലെയും 35 ലക്ഷം വിദ്യാർഥികളിൽ മൂന്നിലൊന്ന് കുട്ടികളാണ് ആദ്യ ദിനമെത്തുക. ഒന്നും രണ്ടും ക്ലാസിലെ ആറുലക്ഷത്തിലേറെ കുഞ്ഞോമനകൾ ഒന്നിച്ച് ആദ്യമായി സ്കൂളിലേക്കെത്തുന്നുവെന്ന ചരിത്രപ്രാധാന്യവുമുണ്ട് ഇക്കുറി. ഒന്നാം ക്ലാസിൽ മുൻവർഷത്തേക്കാൾ 27,000 കുട്ടികൾ അധികമായും ചേർന്നു. ഒന്നിൽ 3.05 ലക്ഷം കുട്ടികളും രണ്ടിൽ 3.02ലക്ഷം കുട്ടികളുമാണെത്തുക. മുഴുവൻ ക്ലാസുകളിലുമായി 2,54,642 കുട്ടികൾ അധികമായെത്തും. പൊതുവിദ്യാഭ്യാസ യജ്ഞം പ്രഖ്യാപിച്ചശേഷം ഇതുവരെ 9,34,310കുട്ടികൾ അധികമായെത്തി. 15ന് എട്ട്, ഒമ്പത് ക്ലാസുകൾകൂടി തുറന്ന് ഒരാഴ്ചയ്ക്കകം അന്തിമ കണക്ക് ലഭ്യമാകും.
സംസ്ഥാനതല പ്രവേശനോത്സവം മന്ത്രിമാരുടെ സാന്നിധ്യത്തിൽ തലസ്ഥാനത്ത് കോട്ടൺഹിൽ യുപി സ്കൂളിൽ രാവിലെ 8.30ന് നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങളും ഒന്നായി നടത്തിയ ശുചീകരണ പ്രവർത്തനങ്ങളടക്കമുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. രക്ഷിതാക്കളുടെ ഇഷ്ടപ്രകാരമേ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കേണ്ടതുള്ളൂ. ആദ്യ രണ്ടാഴ്ച ഹാജർ രേഖപ്പെടുത്തില്ല. ഉച്ചവരെയേ ക്ലാസുള്ളൂ. ഗൗരവത്തോടെയുള്ള പഠനവുമില്ല. ശനിയും ക്ലാസുണ്ട്. ആലപ്പുഴയിലെ 50 സ്കൂൾ മഴക്കെടുതി പശ്ചാത്തലത്തിൽ തിങ്കളാഴ്ച തുറക്കില്ല.
ഒരാഴ്ചയ്ക്കുശേഷം സാഹചര്യം വിലയിരുത്തി ആവശ്യമെങ്കിൽ മാറ്റം വരുത്തും. വിദ്യാർഥികളെ തെർമൽ സ്കാനറുകൾ ഉപയോഗിച്ച് പരിശോധിക്കും. എല്ലാ ക്ലാസിന് മുന്നിലും വെള്ളവും സോപ്പും ഉണ്ടാകും. ഉച്ചഭക്ഷണത്തിനും പ്രത്യേക ക്രമീകരണമുണ്ട്. ക്ലാസിൽ ഒരു പ്രദേശത്തെ വിദ്യാർഥികളെയാണ് ഒരു ഷിഫ്റ്റിൽ പ്രവേശിപ്പിക്കുക. ഒരു ഡോസ് വാക്സിൻപോലും എടുക്കാത്ത അധ്യാപകർക്ക് പ്രവേശനമില്ല. അവർ ഉച്ചയ്ക്കുശേഷം ഓൺലൈൻ ക്ലാസ് എടുക്കണം.
പ്രധാന ചുവടുവയ്പ്: മുഖ്യമന്ത്രി
കോവിഡ് പ്രതിസന്ധിയിൽനിന്ന് നാട് ഉണരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ആ ദിശയിലെ പ്രധാന ചുവടുവയ്പാണ്. അതേറ്റവും മികച്ച രീതിയിൽ നടപ്പാക്കാൻ സമൂഹമൊന്നാകെ പിന്തുണ നൽകണമെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
ഓൺലൈൻ അധ്യയനം നന്നായി കൊണ്ടുപോകാൻ സാധിച്ചെങ്കിലും കൂട്ടുകാരുമായിചേർന്ന് പഠിക്കാനും കളിക്കാനും കുട്ടികൾക്ക് സാധിക്കാത്തത് വിഷമകരമായിരുന്നു. വിദ്യാലയങ്ങളിൽ നേരിട്ട് നടക്കേണ്ട വിദ്യാഭ്യാസത്തിന്റെ അഭാവം സൃഷ്ടിച്ച വെല്ലുവിളികളുമുണ്ടായിരുന്നു. തിങ്കൾ മുതൽ ആ സ്ഥിതി മാറുകയാണ്. വിദ്യാലയങ്ങളുടെ പ്രവർത്തനം സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകുക അതീവ പ്രധാനമാണ്. അതിന് അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണ അനിവാര്യമാണ്. സ്കൂളുകളിലെ തിരക്ക് നിയന്ത്രണം, സാമൂഹ്യ അകലം, ശുചിത്വം എന്നിവ ഉറപ്പാക്കാനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.